Kerala Budget 2023:ബജറ്റ് അവതരണം തുടങ്ങി, കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിൽ-ധനമന്ത്രി
ബജറ്റിൽ ചെലവ് ചുരുക്കാൻ നിർദേശങ്ങളുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുകയാണ്. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു
ബജറ്റിന്‍റെ പകർപ്പ് ധനമന്ത്രിക്ക് നേരത്തെ കൈമാറിയിരുന്നു. അച്ചടി വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയാണ് ധനമന്ത്രിക്ക് ബജറ്റ് കോപ്പി കൈമാറിയത്.അച്ചടി വകുപ്പ് ഡയറക്ടർ എ.ടി.ഷിബു, ഗവൺമെൻറ് പ്രസ്സ് സൂപ്രണ്ട് ടി.വീരാൻ, ഡെപ്യൂട്ടി സൂപ്രണ്ട് കെ.ജി. ത്യാഗി എന്നിവരാണ് അച്ചടിച്ച ബജറ്റുമായി എത്തിയത്.
ബജറ്റിൽ ചെലവ് ചുരുക്കാൻ നിർദേശങ്ങളുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.എന്നാൽ താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ല. അമിത ഭാരം അടിച്ചേൽപിക്കൽ ഇടത് നയമല്ല.എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കടമെടുപ്പിൽ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയാണെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. അവസാന പാദത്തിലെ കടമെടുപ്പിൽ കേന്ദ്രം കടിഞ്ഞാണിട്ടെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധമനന്ത്രിയുടെ സ്ഥിരീകരണം. അടുത്ത മൂന്ന് മാസം കടമെടുക്കാനാകുക 937 കോടി മാത്രം ആണ്. കേരളം പദ്ധതിയിട്ടത് 8000 കോടി രൂപയാണ്