Kerala Budget 2022 : വൻ നികുതി വർദ്ധനവിലേക്ക് കടക്കാതെ സംസ്ഥാന ബജറ്റ്; ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല
1,57,000 കോടിയിലേറെ റവന്യു ചെലവ് കണക്കാക്കുമ്പോഴും നികുതി പരിഷ്ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത് അധിക വരുമാനം 602 കോടി മാത്രമാണ്.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വൻ നികുതി വർദ്ധനവിലേക്ക് കടക്കാതെ സംസ്ഥാന ബജറ്റ് (Kerala Budget 2022). ഭൂമിയുടെ ന്യായവില ഉയർത്തിയും മോട്ടോർ നികുതി പരിഷ്ക്കരിച്ചും 602 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തവണ സാമൂഹ്യ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല. വിലക്കയറ്റത്തിന്‍റെ ആഘാതം കുറക്കാൻ 2000 കോടി ചെലവഴിക്കും.
കൊവിഡ് പ്രതിസന്ധിയിൽ നിന്നും സാമ്പത്തിക രംഗത്തെ കരകയറ്റുന്നതിൽ കരം കൂട്ടുന്നതിലെ പരിമിതികളും സർക്കാർ തിരിച്ചറിയുന്നു. 1,57,000 കോടിയിലേറെ റവന്യു ചെലവ് കണക്കാക്കുമ്പോഴും നികുതി പരിഷ്ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത് അധിക വരുമാനം 602 കോടി മാത്രമാണ്. ഭൂമിയുടെ ന്യായവില ഉയർത്തലാണ് പ്രധാന തീരുമാനം. പതിനഞ്ച് ശതമാനം വർദ്ധനവുണ്ടാകുമെന്ന വിലയിരുത്തലുകളിലും ന്യായവിലയിൽ സർക്കാർ കൂട്ടിയത് പത്ത് ശതമാനം.
പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഒരെക്കറിന് മുകളിൽ സ്ലാബ് ഏർപ്പെടുത്തി. അടിസ്ഥാന ഭൂനികുതി പരിഷ്ക്കരിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ വാഹന നികുതി ഒരു ശതമാനം കൂട്ടി. പതിനഞ്ച് വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം ഉയർത്തി. ഡീസൽ വാഹനങ്ങൾക്കും ഹരിത നികുതി ചുമത്തും. പ്രളയ സെസ് അബദ്ധത്തിൽ കൂടുതൽ അടച്ചവർക്ക് പണം തിരകെ നൽകുന്നതിനായി നിയമത്തിൽ ഭേദഗതി വരുത്തും. ജിഎസ്ടിയുടെ കാലത്ത് നികുതി അവകാശങ്ങൾ കുറഞ്ഞതോടെ സാധാരണ നിലയിൽ സർക്കാർ കൈവയ്ക്കുന്നത് ഇന്ധനത്തിലും മദ്യത്തിലുമാണ്. എന്നാൽ ഇവ രണ്ടിലും ഇത്തവണ നികുതി വർദ്ധനവില്ല.
അതേസമയം, ക്ഷേമ പദ്ധതികളിൽ ഇത്തവണ സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല. 2026 ആകുമ്പേഴെക്കും 2500 ആക്കി ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിലനിൽക്കുമ്പോഴും ഇത്തവണ സർക്കാർ ഇടവേളയെടുത്തു. യുദ്ധത്തിന്‍റെ ആഘാതം വിലക്കയറ്റത്തിലേക്ക് എത്തുമെന്ന വിലയിരുത്തലിൽ ഭക്ഷ്യസുരക്ഷ അടക്കം ഉറപ്പാക്കാൻ 2000കോടി ബജറ്റിൽ നീക്കുവച്ചു. വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കാൻ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കടകളും ഉടൻ പ്രവർത്തനം തുടങ്ങും.