ചെന്നൈയിന്‍ ആക്രമണങ്ങളുടെ മുനയൊടിച്ചു; മത്സരത്തിലെ ഹീറോയായി മൗര്‍ത്താദ ഫാള്‍
2018ലാണ് അദ്ദേഹം ഐഎസ്എല്ലിനെത്തുന്നത്. എഫ്‌സി ഗോവയുമായിട്ടാണ് ആദ്യമായി കരാര്‍ ഒപ്പിട്ടത്. 40 മത്സരങ്ങളില്‍ ഗോവന്‍ ജേഴ്‌സിയണിഞ്ഞ ഫാള്‍ മൂന്ന് ഗോളും നേടി.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ മുംബൈ സിറ്റിയുടെ വിജയത്തില്‍ ഹീറോയായി മൗര്‍ത്താദ ഫാള്‍. സെന്റര്‍ ഡിഫന്ററായി കളിക്കുന്ന താരം പലപ്പോഴും ചെന്നൈയുടെ ആക്രമണത്തിന്റെ മുനയൊടിച്ചു. 32കാരനായ ഫാള്‍ സെനഗല്‍ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്.
2018ലാണ് അദ്ദേഹം ഐഎസ്എല്ലിനെത്തുന്നത്. എഫ്‌സി ഗോവയുമായിട്ടാണ് ആദ്യമായി കരാര്‍ ഒപ്പിട്ടത്. 40 മത്സരങ്ങളില്‍ ഗോവന്‍ ജേഴ്‌സിയണിഞ്ഞ ഫാള്‍ മൂന്ന് ഗോളും നേടി. ഈ സീസണില്‍ മുംബൈ സിറ്റിയിലേക്ക് മാറുകയായിരുന്നു. 2006ല്‍ സീനിയര്‍ കരിയര്‍ ആരംഭിച്ച ഫാള്‍ 2012വരെ മൊറോക്കന്‍ ക്ലബ് മൊഗ്രെബ് ടെടൗനൊപ്പമായിരുന്നു.
പിന്നീട് കുവൈറ്റിലെ ക്ലബുകള്‍ക്ക് വേണണ്ടി കളിച്ചു. 2015ല്‍ മറ്റൊരു മൊറോക്കന്‍ ക്ലബ് വൈദാദ് കസാബ്ലാങ്കയുമായി കരാര്‍ ഒപ്പിട്ടു. 2018ല്‍ തന്റെ പഴയ ക്ലബായ മൊഗ്രെബില്‍ നിന്നാണ് താരം ഗോവയിലെത്തുന്നത്. 2015ല്‍ സെനഗല്‍ ദേശീയ ടീമിന്റെ ജേഴ്‌സിയണിഞ്ഞ താരത്തിന് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ അവസരം തെളിഞ്ഞത്.
ചെന്നൈയിന്‍ എഫ്‌സിക്കെതിരെ 2-1നായിരുന്നു മുംബൈ സിറ്റിയുടെ ജയം. അവരുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഹെര്‍നാന്‍ സന്റാന, ആഡം ലേ ഫോണ്ട്രെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. യാക്കൂബ് സില്‍വസ്റ്ററിന്റെ വകയായിരുന്നു ചെന്നൈയുടെ ഏക ഗോള്‍.