ഒരു ഗോള്‍, പ്രതിരോധത്തില്‍ ഉറച്ച കാലുകള്‍; മൗര്‍ത്താദ ഫാള്‍ ഹീറോ ഓഫ് ദ മാച്ച്
എടികെ മോഹന്‍ ബഗാനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. ഇതോടെ ഒന്നാം സ്ഥാനത്തിനൊപ്പം എഎഫ്‌സി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാനും മുംബൈക്കായിരുന്നു.
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫിക്ക് ലീഗ് ഷീല്‍ഡ് സമ്മാനിച്ച മത്സരത്തില്‍ താരമായി മൗര്‍ത്താദ ഫാള്‍. പ്രതിരോധിക്കുന്നതോടൊപ്പം ഒരു ഗോളും നേടിയ ഫാള്‍ മത്സരത്തിന് ശേഷം ഹീറോ ഓഫ് മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. എടികെ മോഹന്‍ ബഗാനെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. ഇതോടെ ഒന്നാം സ്ഥാനത്തിനൊപ്പം എഎഫ്‌സി ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാനും മുംബൈക്കായിരുന്നു.
ഏഴാം മിനിറ്റില്‍ തന്നെ ഫാള്‍ ഗോള്‍ വലകുലുക്കി. അഹമ്മദ് ജഹൗഹിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ആ ഗോളിന് പ്രതിരോധം ശ്രധിക്കുന്നതിലും താരം മികവ് കാണിച്ചു. ഒമ്പത് ക്ലിയറന്‍സുകളാണ് താരം നടത്തിയത്. 8.95 റേറ്റിംഗ് പോയിന്റാണ് ഐഎസ്എല്‍ ഫാളിന് നല്‍കുന്നത്. ഈ സീസണിലാണ് താരം മുംബൈയിലെത്തുന്നത്. 17 മത്സരങ്ങളില്‍ നിന്ന് 33കാരന്‍ മൂന്ന് ഗോളും കണ്ടെത്തി.
കഴിഞ്ഞ രണ്ട് സീസണില്‍ എഫ്‌സി ഗോവയ്‌ക്കൊപ്പമായിരുന്നു ഫാള്‍. 40 മത്സരങ്ങള്‍ അവര്‍ക്ക് വേണ്ടി കളിച്ചു. 9 ഗോളുകളാണ് സെനഗല്‍ താരത്തിന്റെ സമ്പാദ്യം. നേരത്തെ മൊറോക്കന്‍ ക്ലബുകള്‍ക്ക് വേണ്ടിയാണ് താരം ഏറെ കളിച്ചിട്ടുള്ളത്. കുവൈറ്റിലും ഫാള്‍ ഏറെക്കാലം പന്തുതട്ടി.