ആറ് വിദേശ താരങ്ങളെ ഒഴിവാക്കി കേരളാ ബ്ലാസ്റ്റേഴ്സ്
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങളിൽ കളിച്ച ജോർദ്ദാൻ മറി ഏഴ് ഗോളുകൾ നേടിയിരുന്നു. ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററും മറിയായിരുന്നു.
കൊച്ചി: ആറ് വിദേശ താരങ്ങളെ ഒരുമിച്ച് ഒഴിവാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ഇതോടെ അടുത്ത ഐഎസ്എൽ സീസണിലും ബ്ലാസ്റ്റേഴ്സ് പുതുമുഖങ്ങളുമായിട്ടായിരിക്കും കളത്തിലിറങ്ങുക എന്നുറപ്പായി. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഗാരി ഹൂപ്പർ, വിൻസെന്റ് ഗോമസ്, ഫാക്കുണ്ടോ പെരേര, ജോർദ്ദാൻ മറി, കോസ്റ്റ നമോന്യുസു, ബക്കാരി കോനെ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങളിൽ കളിച്ച ജോർദ്ദാൻ മറി ഏഴ് ഗോളുകൾ നേടിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ ടോപ് സ്കോററും മറിയായിരുന്നു. 18 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ ഗാരി ഹൂപ്പർ അഞ്ചു ഗോളുകൾ നേടി. 19 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് കുപ്പായമണിഞ്ഞ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായിരുന്ന വിൻസന്റ് ഗോമസ് രണ്ട് തവണ സ്കോർ ചെയ്തു. മുന്നേറ്റ നിരയിൽ സ്കോർ ചെയ്തില്ലെങ്കിലും 10 മത്സരങ്ങളി ബ്ലാസ്റ്റേഴ്സിനായി കളിച്ച ഫാക്കുണ്ടോ പേരേര മൂന്ന് അസിസ്റ്റുകൾ നൽകി.
ബക്കാരി കോനെ 14 മത്സരങ്ങളിലും കോസ്റ്റ നമോന്യുസു 16 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാത്തു.
വേതനം നൽകിയില്ലെന്ന മുൻതാരം പൊപ്ലാനിക്കിന്റെ പരാതിയിൽ ട്രാൻസ്ഫർ വിലക്ക് നേരിടുകയാണ് കേരളാ ബ്ലാസ്റ്റേഴ്സിപ്പോൾ. ഇതിനിടെയാണ് വിദേശതാരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കിയിരിക്കുന്നത്.