പിഴവുകളുടെ പെരുമഴക്കാലം, കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി; ഇത്തവണ എഫ്‌സി ഗോവയോട്
സീസണില്‍ ഗോവയുടെ ആദ്യ ജയമാണിത്. ബ്ലാസ്‌റ്റേഴ്‌സിന് ഇതവരെ ജയിക്കാനായിട്ടില്ല. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് രണ്ട് വീതം സമനിലയും തോല്‍വിയുമാണുള്ളത്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോല്‍വി. ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഇരുപകുതികളിലുമായിട്ടാണ് ഗോളുകള്‍ പിറന്നത്. ഇഗോര്‍ ആന്‍ഗുലോ രണ്ടും ഒര്‍ട്ടിസ് മെന്‍ഡോസ ഒരു ഗോളും നേടി. വിസെന്റെ ഗോമസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകഗോള്‍ നേടിയത്.
സീസണില്‍ ഗോവയുടെ ആദ്യ ജയമാണിത്. ബ്ലാസ്‌റ്റേഴ്‌സിന് ഇതവരെ ജയിക്കാനായിട്ടില്ല. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് രണ്ട് വീതം സമനിലയും തോല്‍വിയുമാണുള്ളത്. രണ്ട് പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. ഒരു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമുള്ള ഗോവ അഞ്ച് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
മത്സരത്തിന്റെ 25ാം മിനിറ്റില്‍ തന്നെ ഗോവയ്ക്ക് ഗോള്‍ നേടാനുള്ള അവസരമുണ്ടായിരുന്നു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ വിസെന്റെ ഗോമസിന് ലഭിച്ച പന്ത് താരത്തിന് ഗോളാക്കാന്‍ സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്കകം ഗോവ ഗോള്‍ നേടി. സേവ്യര്‍ ഗാമയുടെ പാസില്‍ നിന്നായിരുന്നു ആന്‍ഗുലോയുടെ ഗോള്‍. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ തലയ്ക്ക് മുകളിലൂടെ ലോബ് ചെയ്താണ് ആന്‍ഗുലോ ഗോളാക്കി മാറ്റിയത്.
52ാം മിനിറ്റിലായിരുന്നു ഗോവയുടെ രണ്ടാം ഗോള്‍. ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ പാസ് ഓടിയെടുത്ത മെന്‍ഡോസ പ്രതിരോധ താരം കോസ്റ്റയെ കബളിപ്പിച്ച് പന്ത് വലയില്‍ അടിച്ചുക്കയറ്റി. 62ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ഫാക്കുണ്ടോ പെരേര നഷ്ടപ്പെടുത്തി. എന്നാല്‍ 90ാം മിനിറ്റില്‍ വിസെന്റെ ഗോമസിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒരുഗോള്‍ തിരിച്ചടിച്ചു.
നിഷു കുമാറിന്റെ ക്രോസില്‍ തലവച്ചാണ് ഗോമസ് ഗോള്‍ നേടിയത്. എന്നാല്‍ കാര്യമൊന്നുമുണ്ടായില്ല. ഇഞ്ചു സമയത്ത് ഗോവ ഒരു ഗോള്‍ കൂടി തിരിച്ചടിച്ചു. ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസിന്റെ പിഴവിലാണ് ഗോള്‍ പിറന്നത്. പന്ത് കയ്യിലൊതുക്കിയ ശേഷം നീട്ടിയടിക്കാനുള്ള ശ്രമമാണ് ഗോളില്‍ അവസാനിച്ചത്. ഗ്രൗണ്ടിലൂടെ ഉരുട്ടിയിട്ട പന്ത് തട്ടിയെടുത്ത ആന്‍ഗുലോ ഗോളാക്കി മാറ്റുകയായിരുന്നു.