ISL : ഗോളടിയും തിരിച്ചടിയും; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- മുംബൈ സിറ്റി മത്സരം സമനിലയില്‍
ഇഗോര്‍ ആന്‍ഗുലോ മുംബൈക്കായി ഇരട്ട ഗോള്‍ നേടി. ഒരു ഗോള്‍ ബിബിന്‍ സിംഗിന്റെ വകയായിരുന്നു. ദെഷ്രോണ്‍ ബ്രൗണാണിന്റെ ഹാട്രിക് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021) നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- മുംബൈ സിറ്റി എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞു. അടിക്ക് തിരിച്ചടിയും കണ്ട മത്സരത്തില്‍ ഇരുവരും മൂന്ന് ഗോള്‍ വീതം നേടി. ഇഗോര്‍ ആന്‍ഗുലോ മുംബൈക്കായി ഇരട്ട ഗോള്‍ നേടി. ഒരു ഗോള്‍ ബിബിന്‍ സിംഗിന്റെ വകയായിരുന്നു. ദെഷ്രോണ്‍ ബ്രൗണാണിന്റെ ഹാട്രിക് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്. സമനിലയെങ്കിലും മുംബൈ (Mumbai City FC) എട്ട് മത്സരങ്ങളില്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് (North East United) ഒമ്പതാമതാണ്.
29-ാം മിനിറ്റില്‍ ബ്രൗണിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. ഇമ്രാന്‍ ഖാന്റെ സഹായത്തിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. എന്നാല്‍ നാല് മിനിറ്റ് മാത്രമായിരുന്നു ആഘോഷത്തിന് ആയുസ്. ബിബിന്റെ അസിസ്റ്റില്‍ ആന്‍ഗുലോ മുംബൈക്കായി വലകുലുക്കി. 40-ാം മിനിറ്റില്‍ വീണ്ടും മുംബൈക്ക് ലീഡ്. ഇത്തവണ ആന്‍ഗുലോ പന്തെത്തിച്ചപ്പോള്‍ ബിബിന്‍ ഗോള്‍ നേടി. ആദ്യ പകുതി അങ്ങനെ അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് ഏഴാം മിനിറ്റുകള്‍ക്കകം ആന്‍ഗുലോ തന്റെ രണ്ടാംഗോള്‍ നേടി. മുംബൈ 3-1ന് മുന്നില്‍. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. മൂന്ന് മിനിറ്റുകള്‍ക്കകം ഒരുഗോള്‍ തിരിച്ചടിച്ചു. ബ്രൗണിന്റെ രണ്ടാം ഗോള്‍. 80-ാം മിനിറ്റിലായിരുന്നു മൂന്നാം ഗോള്‍. ഇത്തവണയും ഇമ്രാനാണ് ഗോളിന് അവസരമൊരുക്കിയത്. ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിച്ചു.
നാളെ ഹൈദരാബാദ് എഫ്‌സി- ഒഡീഷ എഫ്‌സി മത്സരമാണ്. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുള്ള ഹൈദരാബാദ് നാലാം സ്ഥാനത്താണ്. ഇത്രുയും മത്സരങ്ങളില്‍ 12 പോയിന്റുള്ള ഒഡീഷ ഏഴാമതും.