ISL 2021 : ഇന്ന് വമ്പന്‍ പോരാട്ടം; നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി, എടികെ മോഹന്‍ ബഗാനെതിരെ

ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. ആദ്യ രണ്ട് കളിയും ജയിച്ച എടികെ ബഗാന്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലേറ്റ തോല്‍വിക്ക് പകരം വീട്ടാനാവും ഇറങ്ങുക.

ISL 2021 ATK Mohun Bagan Takes Mumbai City FC today

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021) ഇന്ന് വമ്പന്‍ പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി (Mumbai City FC), കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ എടികെ മോഹന്‍ ബഗാനെ (ATK Mohun Bagan) നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. ആദ്യ രണ്ട് കളിയും ജയിച്ച എടികെ ബഗാന്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലേറ്റ തോല്‍വിക്ക് പകരം വീട്ടാനാവും ഇറങ്ങുക. 

കേരള ബ്ലാസ്റ്റേഴ്‌സിനെയും (Kerala Blasters) ഈസ്റ്റ് ബംഗാളിനെയുമാണ് (East Bengal) എടികെ ബഗാന്‍ തോല്‍പിച്ചത്. മുംബൈ ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചെങ്കിലും ഒഡിഷയോട് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റു. ഇരുടീമും ഇതിന് മുന്‍പ് പതിനാല് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈയ്ക്കും എടികെ ബഗാനും അഞ്ച് ജയം വീതം. നാല് കളി സമനിലയില്‍ അവസാനിച്ചു.

ഇന്നലെ നടന്ന ത്രില്ലറില്‍ ഒഡീഷ നാലിനെതിരെ ആറ് ഗോളിന് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചിരുന്നു. ആദ്യ പകുതില്‍ ഒഡീഷ 3-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ അരിദായ് കാര്‍ബെറയിലൂടെ 4-1ലീഡെടുത്ത ഒഡീഷക്കെതിരെ അവിശ്വസനീയമായി തിരിച്ചടിച്ച ഈസ്റ്റ് ബംഗാള്‍ 81-ാം മിനിറ്റില്‍ തോങ്കോയ്‌സിംഗ് ഹോയ്ക്കിലൂടെ ഒരു ഗോള്‍ മടക്കി.

രണ്ട് മിനിറ്റിനകം ഇസാക് വന്‍ലാറുടേഫിയയിലൂടെ 5-1ന് മുന്നിലെത്തിയ ഒഡീഷക്കെതിരെ 90ാം മിനിറ്റില്‍ ഡാനിയേല്‍ ചിമ ഒരു ഗോള്‍ കൂടി മടക്കകുകയും ഈഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ ചിമ രണ്ടാം ഗോള്‍ നേടുകയും ചെയ്തതോടെ 5-4 എന്ന സ്‌കോറില്‍ കളി ആവേശത്തിന്റെ പരകോടിയിലായി.

എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം കാബ്രെറ ഒരു ഗോള്‍ കൂടി ഈസ്റ്റ് ബംഗാള്‍ വലയില്‍ നിക്ഷേപിച്ച് കളി 6-4 ഒഡീഷയുടെ പോക്കറ്റിലാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios