ISL 2021-22 : സന്ദേശ് ജിങ്കാന്‍ വീണ്ടും ഐഎസ്എല്ലില്‍; മോഹന്‍ ബഗാനുമായി കരാറൊപ്പിട്ടു
തന്റെ പഴയ ക്ലബായ മോഹന്‍ ബഗാനുമായിട്ടാണ് താരം വീണ്ടും കരാര്‍ ഒപ്പിട്ടത്. മോഹന്‍ ബഗാന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലബില്‍ അഞ്ചാം നമ്പര്‍ ജേഴ്‌സിയാണ് ജിങ്കാന്‍ അണിയുക.
കൊല്‍ക്കത്ത: മുന്‍താരം എടികെ മോഹന്‍ ബഗാന്‍ (ATK Mohun Bagan) താരം സന്ദേശ് ജിങ്കാന്‍ (Sandesh Jhingan) ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് (ISL) മടങ്ങിയെത്തി. തന്റെ പഴയ ക്ലബായ മോഹന്‍ ബഗാനുമായിട്ടാണ് താരം വീണ്ടും കരാര്‍ ഒപ്പിട്ടത്. മോഹന്‍ ബഗാന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലബില്‍ അഞ്ചാം നമ്പര്‍ ജേഴ്‌സിയാണ് ജിങ്കാന്‍ അണിയുക.
ജിങ്കാന്‍ ക്രൊയേഷ്യന്‍ ക്ലബ് എച്ച് എന്‍ കെ സിബിനിക്കുമായി കരാറിലെത്തിയിരുന്നു. എന്നാല്‍ ഒരു മത്സരം പോലും താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രൊയേഷ്യയില്‍ എത്തിയത് മുതല്‍ അദ്ദേഹത്തിന് പരിക്ക് വലച്ചിരുന്നു. ചികിത്സയ്ക്കായി അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. സിബിനിക്കുമായുള്ള കരാര്‍ ഒഴിവാക്കിയാണ് താരത്തിന്റെ വരവ്. ഈ മാസത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ക്ലബിനൊപ്പം ചേരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ക്ലബുമായി കരാര്‍ ഒപ്പിട്ട ശേഷമുള്ള പരിശീലനത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു. മൂന്നാഴ്ച്ചത്തോളം ജിങ്കാന് വിശ്രമം വേണ്ടി വന്നു. എന്നാല്‍ ഫിറ്റ്‌നെസ് തിരിച്ചെടുക്കാന്‍ താരത്തിനായില്ല. ഇതോടെ യൂറോപ്പില്‍ അരങ്ങേറുകയെന്ന് താരത്തിന്റെ മോഹവും പൊലിഞ്ഞു. പിന്നാലെ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.
എഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പടെയുള്ള ടീമുകളുടെ പ്രതിരോധ കുന്തമുനായായിരുന്നു താരം. ബ്ലാസ്റ്റേഴ്സിനൊപ്പം രണ്ട് തവണ റണ്ണേഴ്സ് അപ്പായിരുന്നു. ആറ് വര്‍ഷത്തെ ബ്ലാസ്റ്റേഴ്സ് കരിയറിന് ശേഷം 2020ലാണ് താരം എടികെ മോഹന്‍ ബഗാനിലെത്തിയത്.
യൂറോപ്പില്‍ കളിക്കുകയെന്നത് എന്റെ ആഗ്രഹമായിരുന്നുവെന്ന് ഒരിക്കല്‍ ജിങ്കാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം ജിങ്കാനെ തേടിയെത്തിയിരുന്നു.