ബ്ലാസ്റ്റേഴ്‌സിന് ഇന്നും രക്ഷയില്ല; ബംഗളൂരുവിനെതിരെ തോറ്റത് രണ്ടിനെതിരെ നാല് ഗോളിന്

ക്ലൈറ്റണ്‍ സില്‍വ, ക്രിസ്റ്റ്യന്‍ ഒപ്‌സെത്, ഡിമാസ് ഡെല്‍ഗാഡോ, സുനില്‍ ഛേത്രി എന്നിവരാണ് ബംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്. കെ പി രാഹുല്‍, വിസെന്റെ ഗോമസ് എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. 


 

ISL 2020 Kerala Blasters lost to Bengaluru FC

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍ വീണ്ടും തോല്‍വി. ബംഗളുരു എഫ്‌സിക്കെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിന്റെ കൂറ്റന്‍ തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ക്ലൈറ്റണ്‍ സില്‍വ, ക്രിസ്റ്റ്യന്‍ ഒപ്‌സെത്, ഡിമാസ് ഡെല്‍ഗാഡോ, സുനില്‍ ഛേത്രി എന്നിവരാണ് ബംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്. കെ പി രാഹുല്‍, വിസെന്റെ ഗോമസ് എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. 

17ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു.  ബ്ലാസ്റ്റേഴ്‌സിന്റെ കൗണ്ടര്‍ അറ്റാക്കാണ് ഫലം കണ്ടത്. ബംഗളൂരുവിന് ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ നിന്ന് തട്ടിയെടുത്ത ഗാരി ഹൂപ്പര്‍ മധ്യവരയ്ക്കപ്പുറം വരെ ഒറ്റയ്ക്ക് മുന്നേറി. ബോക്‌സിന് പുറത്തുവച്ച് വലത് വിംഗിലൂടെ ഓടിയ രാഹുലിന് താരം പന്ത് മറിച്ചുകൊടുത്തു. യുവതാരത്തിന്റെ നിലം പറ്റെയുള്ള ഷോട്ട് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെ മറികടന്നു.

എന്നാല്‍ 29ാം മിനിറ്റില്‍ പ്രതിരോധത്തിലെ പിഴവ് ബ്ലാസ്റ്റേഴ്‌സിന് വിനയായി. പ്രതിരോത്തില്‍ ലാല്‍റുവത്താരക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവ് പറ്റിയപ്പോള്‍ സില്‍വ അനായാസം വലകുലുക്കി. സാധാരണയായി ഇടത് വിംഗില്‍ കളിക്കാറുള്ള ലാല്‍റുവത്താര സെന്‍ട്രല്‍ ഡിഫന്‍ഡറായിട്ടാണ് ഇന്ന് കളിച്ചത്. ആദ്യപകുതിയില്‍ ഈ ഗോള്‍നിലയില്‍ നിന്നു. എന്നാല്‍ രണ്ടാം പകുതില്‍ ബംഗളൂരു ആക്രമണം കടുപ്പിച്ചു. 

മൂന്ന് ഗോളുകളാണ് അതിന്റെ ഫലമായി പിറന്നത്. 51ാം മിനിറ്റില്‍ രണ്ടാം ഗോള്‍ പിറന്നു. അഷിഖ് കുരുണിയന്റെ അസിസ്റ്റില്‍ ഒപ്‌സെത് ഗോള്‍ നേടി. രണ്ട് മിനിറ്റുകള്‍ക്കകം മൂന്നാം ഗോളും പിറന്നു. ആദ്യ ഗോള്‍ നേടിയ ക്ലൈറ്റണ്‍ സില്‍വയാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. സില്‍വയുടെ പാസ് സ്വീകരിച്ച ഡെല്‍ഗാഡോ അനായാസം വലകുലുക്കി. ഇതിനിടെ സുനില്‍ ഛേത്രിയുടെ ഒരു പെനാല്‍റ്റ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ അല്‍ബിനോ ഗോമസ് രക്ഷപ്പെട്ടുത്തി. മാത്രമല്ല 61ാം മിനിറ്റില്‍ ഗോമസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. ഫാകുണ്ടോ പെരേരയാണ് അസിസ്റ്റ് നല്‍കിയത്. 

എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം ഛേത്രി ലീഡുയര്‍ത്തി. ഹര്‍മാന്‍ജോത് സിംഗ് ഖബ്രയുടെ ക്രോസില്‍ ഛേത്രിയുടെ മനോഹരമായ ഹെഡ്ഡര്‍ ഗോള്‍. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം തോല്‍വിയാണിത്. രണ്ട് പോയിന്റ് മാത്രമുള്ള ടീം ഒമ്പതാം സ്ഥാനത്താണ്. ഇന്നത്തെ ജയത്തോടെ മുന്‍ ചാംപ്യന്മാരായ ബംഗളൂരു നാലാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്റാണ് ബംഗളൂരു എഫ്‌സിക്കുള്ളത്. രണ്ട് ജയവും മൂന്ന് സമനിലയുമാണ് അക്കൗണ്ടില്‍.

Latest Videos
Follow Us:
Download App:
  • android
  • ios