ഐഎസ്എല്‍ സെമി: ആദ്യപാദത്തില്‍ സമനില തെറ്റാതെ ഗോവയും മുംബൈയും

ആദ്യപകുതിയുടെ ഇരുപതാം മിനുട്ടില്‍ ജോര്‍ജെ ഓര്‍ട്ടിസിനെ മന്ദര്‍ റാവു ദേശായി പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് പിഴക്കാതെ ലക്ഷ്യത്തിലെത്തിച്ചാണ് അംഗൂളോ ഗോവയെ മുന്നിലെത്തിച്ചത്.

ISL 2020-2021 Semi Final FC Goa vs Mumbai City FC Match Report

മഡ്ഗാവ്: ഐഎസ്എല്‍ സെമിഫൈനലില്‍ മുംബൈ സിറ്റി എഫ്‌സിയും എഫ് സി ഗോവയും ആദ്യപാദ സെമിയില്‍ രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇഗോര്‍ അംഗൂളോയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ ഗോവയെ 38ാം മിനിറ്റില്‍ ഹ്യൂഗോ ബൂമോസിന്‍റെ ഗോളില്‍ മുംബൈ ഒപ്പം പിടിച്ചു. രണ്ടാം പകുതിയില്‍ സേവിയര്‍ ഗാമയിലൂടെ ഗോവ വീണ്ടും ലീഡെടുത്തെങ്കിലും മൂന്ന് മിനിറ്റിനകം മൗര്‍ത്തൂദോ ഫാളിലൂടെ മുംബൈ ഒപ്പമെത്തി.

ആവേശപോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകളും തുല്യശക്തികളുടെ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയില്‍ ഇരു ടീമും ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തപ്പോള്‍ മത്സരം ആവേശകരമായി. രണ്ടാം പകുതിയില്‍ മുംബൈയുടെ സമനില ഗോളിനുശേഷം കളി പലപ്പോഴും കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കാനെ സമയമുണ്ടായിരുന്നുള്ളു.

ആദ്യപകുതിയുടെ ഇരുപതാം മിനുട്ടില്‍ ജോര്‍ജെ ഓര്‍ട്ടിസിനെ മന്ദര്‍ റാവു ദേശായി പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് പിഴക്കാതെ ലക്ഷ്യത്തിലെത്തിച്ചാണ് അംഗൂളോ ഗോവയെ മുന്നിലെത്തിച്ചത്. അതിന് തൊട്ടുമുമ്പ് വിഗ്നേഷ് ദക്ഷിണാമൂര്‍ത്തി അലക്സാണ്ടര്‍ ജെസുരാജിനെ ബോക്സില്‍ വലിച്ചിട്ടതിന് ഗോവ പെനല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചിരുന്നില്ല.

ഒരു ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച മുംബൈ ഏത് നിമിഷവും ഗോളിലേക്ക് എത്തുമെന്ന് തോന്നിച്ചു. ഒടുവില്‍ 38-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിന്‍റെ വ്യക്തിഗത മികവ് മുംബൈക്ക് തുണയായി. ബോക്സിന് തൊട്ടുപുറത്തുനിന്ന് ബോമസ് തൊടുത്ത ഷോട്ട് ധീരജ് സിംഗിനെ കീഴടക്കി ഗോവ വലയിലെത്തി. രണ്ടാം പകുതിയില്‍ ഇരു ടീമും കരുതലോടെ കളിക്കുന്നതിനിടെയാണ് സേവിയര്‍ ഗാമയിലൂടെ ഗോവ അപ്രതീക്ഷിതമായി മുന്നിലെത്തിയത്.

എന്നാല്‍ ഗോളിന്‍റെ ആഹ്ളാദം അധികനേരം നീണ്ടുനിന്നില്ല. മൂന്ന് മിനിറ്റിനകം മൗര്‍ത്തൂദോ ഫാളിലൂടെ മുംബൈയുടെ സമനില ഗോളെത്തി. രണ്ട് ഗോള്‍ വിതം വീണശേഷം പരുക്കനായ മത്സരത്തില്‍ അഞ്ചോളം മഞ്ഞക്കാര്‍ഡുകളാണ് റഫറി പിന്നീട് പുറത്തെടുത്തത്. ഇരു ടീമും തമ്മിലുള്ള രണ്ടാംപാദ സെമി തിങ്കളാഴ്ച നടക്കും.

Latest Videos
Follow Us:
Download App:
  • android
  • ios