ഗോളില്‍ ആറാടി ഒഡീഷ, അഞ്ചെണ്ണം തിരിച്ചടിച്ച് ഈസ്റ്റ് ബംഗാള്‍; ആവേശപ്പോരില്‍ ഒടുവില്‍ ഒഡീഷക്ക് ജയം

ഐഎസ്എല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടമായിട്ടും ഈ സീസണിലെ ഏറ്റവും ആവേശകരമായ മത്സരമാണ് ഇരു ടീമും കാഴ്ചവെച്ചത്. 24-ാം മിനിറ്റില്‍ ആന്‍ററി പില്‍കിംഗ്ടണിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ അതിന് അധികം ആയുസുണ്ടായില്ല. 33-ാം മിനിറ്റില്‍ ലാല്‍ഹ്രെസുവാലയിലൂടെ ഒഡീഷ ഒപ്പമെത്തി.

ISL 2020-2021 Odisha FC vs SC East Bengal Match report

മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കെതിരെ ഒഡീഷ എഫ്‌സിയുടെ കളി കണ്ടവരെല്ലാം ചോദിക്കുന്നൊരു ചോദ്യമുണ്ട്. എവിടെയായിരുന്നു ഇത്രയും കാലമെന്ന്. ഐഎസ്എല്‍ ഈ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ അഞ്ചിനെതിരെ ആറു ഗോളിന് മുക്കി ഒഡീഷ എഫ്സി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ആശ്വാസ ജയത്തോടെ 20 കളികളില്‍ 12 പോയന്‍റുമായി ഒഡീഷ അവസാന സ്ഥാനത്തു സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ 20 കളികളില്‍ 17 പോയന്‍റുള്ള ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഐഎസ്എല്ലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടമായിട്ടും ഈ സീസണിലെ ഏറ്റവും ആവേശകരമായ മത്സരമാണ് ഇരു ടീമും കാഴ്ചവെച്ചത്. 24-ാം മിനിറ്റില്‍ ആന്‍റണി പില്‍കിംഗ്ടണിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ അതിന് അധികം ആയുസുണ്ടായില്ല. 33-ാം മിനിറ്റില്‍ ലാല്‍ഹ്രെസുവാലയിലൂടെ ഒഡീഷ ഒപ്പമെത്തി.

മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒഡീൽ ഗോള്‍ കീപ്പര്‍ രവി കുമാറിന്‍റെ സെല്‍ഫ് ഗോള്‍ ഈസ്റ്റ് ബംഗാളിനെ വീണ്ടും മനുന്നിലെത്തിച്ചു. ഒരു ഗോള്‍ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ഈസ്റ്റ് ബംഗാളിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ഒഡീഷ രണ്ടാം പകുതിയില്‍ പുറത്തെടുത്തത്.

49-ാം മിനിറ്റില്‍ ബ്രാഡന്‍ ഇന്‍മാന്‍റെ പാസില്‍ നിന്ന് പോള്‍ റാംഫാന്‍സൗവ ഒഡീഷക്ക് സമനില സമ്മാനിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ മാനുവല്‍ ഒന്‍വുവിന്‍റെ പാസില്‍ നിന്ന് ജെറി മാവിഹ്മിന്‍താംഗ ഒഡീഷക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 60ാം മിനിറ്റില്‍ ഡാനിയേല്‍ ഫോക്സിന്‍റെ പാസില്‍ നിന്ന് ആരോണ്‍ ജോഷ്വ വീണ്ടും ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു.

ആറ് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പോള്‍ വീണ്ടും ഒഡീഷയെ മുന്നിലെത്തിച്ചു. അടുത്ത നിമിഷം തന്നെ ഡീഗോ മൗറീഷ്യോയുടെ പാസില്‍ നിന്ന് ജെറി ഒഡീഷയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ട് മിനിറ്റിനകം ഡീഗോ മൗറീഷ്യോ ഒഡീഷയുടെ ഗോള്‍പട്ടികയില്‍ പേരെഴുതി ടീമിന് മൂന്ന് ഗോളിന്‍റെ ലീഡ് സമ്മാനിച്ചു.


മൂന്ന് ഗോള്‍ ലീഡില്‍ ഈസ്റ്റ് ബംഗാള്‍ തളരുമെന്ന് കരുതിയെങ്കിലും 74-ാം മിനിറ്റില്‍ ആന്‍റണി പില്‍കിംഗ്ടണിന്‍റെ പാസില്‍ നിന്ന് ജെജെ ലാല്‍പെഖുല ഈസ്റ്റ് ബംഗാളിനായി ഒരു ഗോള്‍ തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി. ഇഞ്ചുറി ടൈമില്‍ ഈസ്റ്റ് ബംഗാളിനായി ആരോണ്‍ ജോഷ്വ ഒരു ഗോള്‍ കൂടി മടക്കിയതിന് പിന്നാലെ ഈ സീസണിലെ ആവേശപ്പോരാട്ടത്തിന് റഫറി ലോംഗ് വിസിലൂതി.

Latest Videos
Follow Us:
Download App:
  • android
  • ios