ഐഎസ്എല്‍: ഒഡീഷക്കെതിരെ ആദ്യപകുതിയില്‍ ഗോവ മുന്നില്‍
പതിനാലാം മിനിറ്റിലും പതിനേഴാം മിനിറ്റിലും ലഭിച്ച അവസരങ്ങള്‍ പാഴാക്കിയ അംഗൂളോ പക്ഷെ മൂന്നാം ശ്രമത്തില്‍ ഗോളടിച്ചു.
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ് സിക്കെതിരെ ആദ്യ പകുതിയില്‍ എഫ് സി ഗോവ ഒരു ഗോളിന് മുന്നില്‍. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇഗോര്‍ അംഗൂളോ ആണ് ഗോവയെ മുന്നിലെത്തിച്ചത്. ഗോവയുടെ ആക്രമണങ്ങളെ ആദ്യപകുതിയിലുടനീളം ചെറുത്തു നിന്ന ഗോവക്ക് പക്ഷെ അധികസമയത്ത് പിഴച്ചു.
പതിനാലാം മിനിറ്റിലും പതിനേഴാം മിനിറ്റിലും ലഭിച്ച അവസരങ്ങള്‍ പാഴാക്കിയ അംഗൂളോ പക്ഷെ മൂന്നാം ശ്രമത്തില്‍ ഗോളടിച്ചു. സീസണില്‍ അംഗൂളോയുടെ ആറാം ഗോളാണിത്.ഒഡീഷയെ സ്റ്റീവന്‍ ടെയ്‌ലറും ഗോവയെ ലെനി റോഡ്രിഗസുമാണ് ഇന്ന് നയിക്കുന്നത്.
നാലുമാറ്റങ്ങളുമായാണ് ഒഡിഷ ഇന്ന് കളിക്കാനിറങ്ങിയത്. സൂപ്പര്‍ താരം മാഴ്‌സലീന്യോ ഇന്ന് ഒഡിഷയുടെ ആദ്യ ഇലവനിലിനിറങ്ങിയില്ല. ഗോവ ഒരു മാറ്റം വരുത്തി. സീസണിലെ ആദ്യ വിജയമാണ് ഒഡിഷ ലക്ഷ്യം വെയ്ക്കുന്നത്. ഇതുവരെ നാലുമത്സരങ്ങള്‍ കളിച്ചെങ്കിലും ടീമിന് ഒരു സമനില മാത്രമാണ് നേടാനായത്. മൂന്നു മത്സരങ്ങളില്‍ തോറ്റു. നിലവില്‍ പോയന്റ് പട്ടികയില്‍ 10-ാം സ്ഥാനത്താണ് ഒഡിഷ.
മറുഭാഗത്ത് അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ കരുത്തിലാണ് ഗോവ ഇന്ന് കളിക്കാനിറങ്ങുന്നത്. നാലുമത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമുള്ള ടീം പട്ടികയില്‍ ഏഴാമതാണ്.