ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന് മുന്നിലും നാണംകെട്ട് ഈസ്റ്റ് ബംഗാള്‍

ആദ്യപകുതിയില്‍ ആക്രമണത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും കൂടുതല്‍ സംഘടിതമായി കളിച്ചത് നോര്‍ത്ത് ഈസ്റ്റായിരുന്നു.

ISL 2020-2021, North East United beat East Bengal 2-0

പനജി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി ഈസ്റ്റ് ബംഗാള്‍. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്‍റെ തോല്‍വി. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് എട്ട് പോയന്‍റുമായി എ ടി കെയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്ത് തുടരുന്നു.

ആദ്യ പകുതിയുടെ 33-ാം മിനിറ്റില്‍ ഇദ്രിസ്സ സില്ലയുടെയും ക്വസി അപ്പിയയുടെയും സംയുക്ത നീക്കത്തിനൊടുവിലെ ഗോള്‍ശ്രമത്തില്‍ സുര്‍ചന്ദ്ര സിംഗിന്‍റെ സെല്‍ഫ് ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ ആദ്യം പിന്നിലായത്. പന്തുമായി മുന്നേറിയ അപ്പിയ ബോക്സിലുണ്ടായിരുന്ന ഇദ്രിസ്സ സില്ലക്ക് അത് മറിച്ചു നല്‍കി. എന്നാല്‍ പന്ത് നേരിട്ട് വലയിലേക്ക് തിരിച്ചുവിടാന്‍ സില്ലക്ക് കഴിഞ്ഞില്ല. സില്ലയുടെ കാലില്‍ തട്ടിയ പന്ത് താരത്തെ മാര്‍ക്ക് ചെയ്യാനായി പിന്നിലുണ്ടായിരുന്ന സുര്‍ചന്ദ്ര സിംഗിന്‍റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

ആദ്യപകുതിയില്‍ ആക്രമണത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും കൂടുതല്‍ സംഘടിതമായി കളിച്ചത് നോര്‍ത്ത് ഈസ്റ്റായിരുന്നു. ആദ്യ പകുതിയുടെ ഇരുപതാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ജാക്വസ് മഘോമയെ പെനല്‍റ്റി ബോക്സില്‍ അശുതോഷ് മെഹ്ത്ത ഫൗള്‍ ചെയ്ത് വീഴ്ത്തിയെങ്കിലും നോര്‍ത്ത് ഈസ്റ്റിന്   അര്‍ഹിച്ച പെനല്‍റ്റി മലയാളി റഫറി സന്തോഷ് കുമാര്‍ അനുവദിച്ചില്ല.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഈസ്റ്റ് ബംഗാള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം വഴങ്ങിയില്ല. രണ്ടാം പകുതിയിലാണ് നോര്‍ത്ത് ഈസ്റ്റിനായി മലയാളി താരം സി കെ വിനീത്  കളത്തിലിറങ്ങിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനില ഗോളിനായി ഈസ്റ്റ് ബംഗാള്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍ മലയാളി താരം വി പി സുഹൈറിന്‍റെ പാസില്‍ ചാറയാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടിയത്.

64 ശതമാനം പന്തടക്കമുണ്ടായിട്ടും കൂടുതല്‍ പാസുകള്‍ ഉണ്ടായിട്ടും വിജയം നോര്‍ത്ത് ഈസ്റ്റിനൊപ്പം നിന്നു. ഐഎസ്എല്ലില്‍ മൂന്ന് മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാളിന്‍റെ മൂന്നാം തോല്‍വിയാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios