രക്ഷകനായി വീണ്ടും രാഹുല്‍; ഗോവക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില

65ാം മിനിറ്റില്‍ ഗോവയുടെ ഇവാന്‍ ഗരിഡോ ഗോണ്‍സാലസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതിനുശേഷം പത്തുപേരുമായി കളിച്ച ഗോവക്കെതിരെ വിജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്നത് ബ്ലാസ്റ്റേഴ്സിന് നിരാശയായി.

ISL 2020-2021 Kerala Blasters vs FC Goa match Report

ബംബോലിം: ​​കെ പി രാഹുല്‍ ഒരിക്കല്‍ കൂടി കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ രക്ഷകനായി അവതരിച്ചപ്പോള്‍ കരുത്തരായ എഫ്‌സി ഗോവക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ഗോവക്കെതിരെ രണ്ടാം പകുതിയില്‍ രാഹുലിന്‍റെ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. സമനിലയോടെ 13 കളിയില്‍ 14 പോയന്‍റുമായി ജംഷംഡ്പൂരിനെയും ബംഗലൂരുവിനെയും മറികടന്ന് 14 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 13 കളികളില്‍ 20 പോയന്‍റുമായി ഗോവ മൂന്നാം സ്ഥാനത്ത് തുടരുന്നു.

65ാം മിനിറ്റില്‍ ഗോവയുടെ ഇവാന്‍ ഗരിഡോ ഗോണ്‍സാലസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയതിനുശേഷം പത്തുപേരുമായി കളിച്ച ഗോവക്കെതിരെ വിജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്നത് ബ്ലാസ്റ്റേഴ്സിന് നിരാശയായി.ആദ്യ പകുതിയില്‍ 25-ാം മിനിറ്റില്‍ സൂപ്പര്‍ താരം ഓര്‍ഗെ ഓര്‍ട്ടിസ് നേടിയ ഗോളിലൂടെയാണ് ഗോവ മുന്നിലെത്തിയത്. ഓര്‍ട്ടിസിനെ ബ്ലാസ്റ്റേഴ്‌സ് താരം ജീക്‌സണ്‍ സിംഗ് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.

ഗ്രൗണ്ടിന്‍റെ ഇടതുഭാഗത്തുനിന്നും ഓര്‍ട്ടിസ് എടുത്ത കിക്ക്  ഉയര്‍ന്നുപൊങ്ങി ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് പറന്നിറങ്ങി. താരം ഈ സീസണില്‍ നേടുന്ന അഞ്ചാം ഗോളാണിത്. സ്ഥാനം തെറ്റി നിന്ന ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ പിഴവും ഗോളിന് കാരണമായി.40-ാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ബക്കാരി കോനെ ഗോവന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഹാന്‍ഡ് ബോള്‍ വിളിച്ച് അത് അസാധുവാക്കി. ആദ്യ പകുതിയില്‍ തന്നെ ഗോള്‍മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമങ്ങളെല്ലാം വിഫലമായി.

രണ്ടാം പകുതിയിൽ 57-ാം മിനിട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സ് കോര്‍ണര്‍ കിക്കില്‍ നിന്ന് രാഹുലിന്‍റെ മിന്നല്‍ ഹെഡ്ഡറിലൂടെ സമനില ഗോള്‍ കണ്ടെത്തിയത്. ഫക്കുണ്ടോ പെരേര എടുത്ത അതിമനോഹരമായ കോർണർ കിക്ക് ​ഗോവൻ ബോക്സിനകത്തേക്ക് ഉയർന്നുപൊങ്ങി. പന്ത് ലക്ഷ്യമാക്കി ​ഗോവൻ പ്രതിരോധതാരങ്ങളെ മറികടന്ന് വായുവിലേക്ക് ഉയർന്നുപൊന്തിയ രാഹുൽ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ​ഗോവൻ വല ചലിപ്പിച്ചു. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് രാഹുല്‍ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുന്നത്. സീസണില്‍ രാഹുലിന്‍റെ മൂന്നാം ഗോളുമാണിത്.

നാലാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സാണ് മത്സരത്തിലെ ആദ്യ ഗോളവസരം സൃഷ്ടിച്ചത്. ഗോവന്‍ ഗോള്‍കീപ്പര്‍ നവീന്‍ കുമാറും പ്രതിരോധതാരം ഡൊണാച്ചിയും തമ്മിലുണ്ടായ ചെറിയൊരു പിഴവില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റതാരം ഹൂപ്പറിന് തുറന്നാവസരം ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. പിന്നാലെ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ഗോവ തകര്‍പ്പന്‍ കളി പുറത്തെടുത്തു. ഗോവയുടെ ഓര്‍ഗെ ഓര്‍ട്ടിസ് ഒരു മികച്ച ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ബ്ലാസ്റ്റേഴ്‌സ് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു.

നിരവധി പാസിംഗ് പിഴവുകള്‍ ബ്ലാസ്റ്റേഴ്‌സ് വരുത്തി. ഇതുമൂലം ഗോവന്‍ ബോക്‌സിനകത്തേക്ക് കൃത്യമായി പന്തെത്തിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. മറെയുടെ വിടവ് ഇന്നത്തെ മത്സരത്തില്‍ പ്രകടമായിരുന്നു. ഹൂപ്പറിന് ആദ്യ പകുതിയില്‍ വേണ്ടത്ര മികവ് തെളിയിക്കാനും സാധിച്ചില്ല.

Latest Videos
Follow Us:
Download App:
  • android
  • ios