ഐഎസ്എല്‍: ഇഞ്ചുറി ടൈമില്‍ ഗോള്‍; ഈസ്റ്റ് ബംഗാളിനെതിരെ സമനില തെറ്റാതെ ഹൈദരാബാദ്
സമനിലയോടെ പത്താം സ്ഥാനത്തായിരുന്ന ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്സിനെയും പത്താം സ്ഥാനത്തേക്ക് പിന്തള്ളി 17 കളികളില്‍ 17 പോയന്‍റുമായി ഒമ്പതാം സ്ഥാനത്തേക്ക് കയറി
മഡ്ഗാവ്: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഹൈദരാബാദ് എഫ് സി തോല്‍വിയുടെ വക്കില്‍ നിന്ന് ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ അരിഡാനെ സന്‍റാനെ നേടിയ ഗോളിലൂടെ സമനില സ്വന്തമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ ആന്‍റണി പില്‍കിംഗ്ടണിന്‍റെ പാസില്‍ ബ്രൈറ്റ് എനൊബഖരെ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. എന്നാല്‍ 90 മിനിറ്റും ഒരു ഗോള്‍ ലീഡില്‍ പിടിച്ചു നിന്ന ഈസ്റ്റ് ബംഗാളിന് ഇഞ്ചുറി ടൈമില്‍ പിഴച്ചു. ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റില്‍ ഹൈദരാബാദ് നായകന്‍ അരിഡാനെ സന്‍റാനെ ഹൈദരാബാദിന് സമനില ഗോള്‍ സമ്മാനിച്ചു.
സമനിലയോടെ പത്താം സ്ഥാനത്തായിരുന്ന ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്സിനെയും പത്താം സ്ഥാനത്തേക്ക് പിന്തള്ളി 17 കളികളില്‍ 17 പോയന്‍റുമായി ഒമ്പതാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 17 കളികളില്‍ 24 പോയന്‍റുമായി ഹൈദരാബാദ് എഫ്‌സി ഗോവയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ആദ്യ പകുതിയില്‍ ഹൈദരാബാദിനായിരുന്നു ആധിപത്യമെങ്കിലും വ്യക്തമായ ഗോളവസരം സൃഷ്ടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പന്തടക്കത്തില്‍ മുന്നിട്ടു നിന്നെങ്കിലും അവസരങ്ങള്‍ സൃഷ്ടിച്ചത് ഈസ്റ്റ് ബംഗാളായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്‍റെ രക്ഷക്കെത്തിയത്.
21-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പോളിന്‍റെ മികവ് ലീഡ് നേടുന്നതില്‍ നിന്നും ഹൈദരാബാദിനെ തടഞ്ഞു. ജോയല്‍ ചിയാനീസിന്‍റെ ഗോളന്നുറച്ച ഷോട്ട് സുബ്രതോ പോള്‍ രക്ഷിച്ചു. 69-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയെ ബോക്സില്‍ ഈസ്റ്റ് ബംഗാളിന്‍റെ സാര്‍ഥക് ഗൊളൂയി ഫൗള്‍ ചെയ്തെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല.
73ാം മിനിറ്റില്‍ സന്‍ർഡാസ ഈസ്റ്റ് ബംഗാള്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. അവസാന നിമിഷം സമനിലഗോളിനായി ഹൈദരൈാബാദ് പൊരുതിയെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം വഴങ്ങിയില്ല. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഈസ്റ്റ് ബംഗാളിന് പിഴച്ചു. ഫ്രാന്‍ സന്‍ഡാസയുടെ പാസില്‍ നിന്ന് സന്‍റാന ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെ അപകടകരമായ ഫൗളിന് ഹൈദരാബാദ് താരം മുഹമ്മദ് യാസിര്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി.