ചെന്നൈയിനെ ഗോള്‍മഴയില്‍ മുക്കി ഹൈദരാബാദ് വീണ്ടും വിജയവഴിയില്‍
മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഹൈദരാബാദ് ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്തിന്‍റെ മിന്നും സേവുകള്‍ ചെന്നൈയിനെ രക്ഷിച്ചു.
മഡ്ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഗോള്‍മഴയില്‍ മുക്കി ഹൈദരാബാദ് എഫ്‌സി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഹൈദരാബാദ് ചെന്നൈയിനെ വീഴ്ത്തിയത്. തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷമാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. ജയത്തോടെ 12 പോയന്‍റുമായി ഹൈദരാബാദ് എട്ടാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 പോയന്‍റുമായി ചെന്നൈയിന്‍ ഏഴാം സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തേക്ക് വീണു.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു അഞ്ച് ഗോളുകളും പിറന്നത്. ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരിയും രണ്ടും ജോയല്‍ കിയാനെസ്, ജാവോ വിക്ടര്‍ എന്നിവര്‍ ഓരോ ഗോളുകളും നേടിയപ്പോള്‍ അനിരുദ്ധ് ഥാപ്പയുടെ ബൂട്ടില്‍ നിന്നായിരുന്നു ചെന്നൈയിന്‍റെ ആശ്വാസ ഗോള്‍.
മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഹൈദരാബാദ് ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്തിന്‍റെ മിന്നും സേവുകള്‍ ചെന്നൈയിനെ രക്ഷിച്ചു. 44-ാം മിനിറ്റില്‍ ജോയല്‍ കിയാനെസിനെ ഹൈദരാബാദിനെ മുന്നിലെത്തിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹൈദരാബാദ് സമനില പൂട്ട് പൊളിച്ചു. 50-ാം മിനിറ്റില്‍ ബോക്സിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ചെന്നൈ പ്രതിരോധവും ഗോള്‍ കീപ്പറും തമ്മിലുള്ള ആശയക്കുഴപ്പം മുതലെടുത്ത് ജോയല്‍ ആണ് ഹൈദരാബാദിനെ ആദ്യം മുന്നിലെത്തിച്ചത്. മൂന്ന് മിനിറ്റിനകം ഹൈദരാബാദിന്‍റെ രണ്ടാം ഗോളും എത്തി.
53-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയെടുത്ത കോര്‍ണര്‍ കിക്കില്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ അരിഡാനെ സന്‍റാന തൊടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ തടുത്തിട്ടു. എന്നാല്‍ റീബൗണ്ടില്‍ പന്ത് വലയിലാക്കി നര്‍സാരി ഹൈദരാബാദിനെ രണ്ടടി മുന്നിലെത്തിച്ചു. 67-ാം മിനിറ്റില്‍ ചെന്നൈയിന്‍ ഒരു ഗോള്‍ മടക്കി. സമനിലക്കായി ചെന്നൈയിന്‍ കടുത്ത പോരാട്ടം പുറത്തെടുത്ത സമയത്തായിരുന്നു 74ാം മിനിറ്റില്‍ ജാവോ വിക്ടര്‍ ഹൈദരാബാദിന്‍റെ വിജയം ഉറപ്പാക്കി മൂന്നാം ഗോള്‍ നേടിയത്.
79ാം മിനിറ്റില്‍ സന്‍റാനയുടെ പാസ് സ്വീകരിച്ച് ഒറ്റക്ക് മുന്നേറിയ നര്‍സാരി രണ്ടാം ഗോളോടെ ചെന്നൈയിന്‍റെ കഥ കഴിച്ചു.