ഇഞ്ചുറി ടൈമില്‍ ഹൈദരാബാദിന്‍റെ ഹൃദയം തകര്‍ത്ത് അംഗൂളോ; ജയത്തോടെ ഗോവ മൂന്നാമത്
സമനില ഗോളിന്‍റെ ആവേശത്തില്‍ ഇരച്ചുകയറിയ ഗോവ ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ ഇഗോര്‍ അംഗൂളോയുടെ സോളോ ഗോളിലൂടെ വിജയം ഉറപ്പിക്കുകയും ചെയ്തു.
മഡ്ഗാവ്: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ എണ്‍പത്തിയേഴാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് എഫ്‌സി ഗോവക്ക് ആവേശ ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 58-ാം മിനിറ്റില്‍ അരിഡാനെ സന്‍റാനയുടെ ഗോളിലൂടെ മുന്നിലെത്തിയ ഹൈദരാബാദ് ജയത്തോടെ കളം വിടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് 87ാം മിനിറ്റില്‍ പകരക്കാരനായി വന്ന് ആദ്യ ടച്ചില്‍ തന്നെ ഗോള്‍ നേടി ഇഷാന്‍ പണ്ഡിത ഗോവയെ ഒപ്പമെത്തിച്ചത്.
സമനില ഗോളിന്‍റെ ആവേശത്തില്‍ ഇരച്ചുകയറിയ ഗോവ ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ ഇഗോര്‍ അംഗൂളോയുടെ സോളോ ഗോളിലൂടെ വിജയം ഉറപ്പിക്കുകയും ചെയ്തു. ലക്ഷ്യത്തിലേക്ക് ആറ് ഷോട്ടുകള്‍ പായിച്ച ഒരു ഗോള്‍ മാതംര നേടിയപ്പോള്‍ രണ്ടേ രണ്ട് ഷോട്ടുകള്‍ മാത്രം പായിച്ച ഗോവ രണ്ടുോ ഗോളാക്കി ജയിച്ചു കയറി. ജയത്തോടെ ഗോവ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്.
പ്രതിരോധത്തിലൂന്നി ഇരു ടീമുകളും കളി തുടങ്ങിയതോടെ ആദ്യപകുതിയില്‍ കാര്യമായ ആക്രമണങ്ങള്‍ ഇല്ലാതിരുന്ന മത്സരത്തില്‍ രണ്ടാം പകുതിയാണ് ആവേശപ്പോരാട്ടമായത്. രണ്ടാം പകുതിയില്‍ 58ാം മിനിറ്റില്‍ ആശിഷ് റായിയുടെ പാസില്‍ നിന്ന് ഹെഡ് ചെയ്ത് ഗോവയില്‍ വലയില്‍ പന്തെത്തിച്ച ക്യാപ്റ്റന്‍ സന്‍റാന ഹൈദരാബാദിന് ലീഡ് സമ്മാനിച്ചു. ഗോള്‍ വീണശേഷവും കാര്യമായ ആക്രമണങ്ങളൊന്നും നടത്താതിരുന്ന ഗോവ അവസാന പതിനഞ്ച് മിനിറ്റിലാണ് ഉണര്‍ന്നുകളിച്ചത്.
കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ഇഷാന്‍ പണ്ഡിതയെ കളത്തിലിറക്കിയ ഗോവയുടെ തന്ത്രം ഫലിച്ചു. ആദ്യ ടച്ചില്‍ തന്നെ ഹെഡ്ഡ് ചെയ്ത് പണ്ഡിത ഹൈദരാബാദ് വലയില്‍ പന്തെത്തിച്ച് ഗോവയെ ഒപ്പമെത്തിച്ചു. പിന്നീട് ഇഞ്ചുറി ടൈമില്‍ സീസണിലെ ടോപ് സ്കോററായ അംഗൂളോയുടെ സോളോ ഗോളിലൂടെ ഗോവ ജയവും മൂന്നു പോയന്‍റും സ്വന്തമാക്കി.