ഒഡീഷക്കെതിരെ സമനില ആശ്വാസത്തില്‍ ബെംഗലൂരു
കളിയുടെ അവസാന 15 മിനിറ്റ് സമനില ഗോളിനായി ബെംഗലൂരുവും ലീഡുയര്‍ത്താന്‍ ഒഡീഷയും പൊരിഞ്ഞ പോരാട്ടം പുറത്തെടുത്തപ്പോള്‍ മത്സരം ആവേശകരമായി.
മഡ്ഗാവ്: ഐഎസ്എല്ലില്‍ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്‌സിക്കെതിരെ ബെംഗലൂരു എഫ്‌സിക്ക് സമനില മാത്രം. എട്ടാം മിനിറ്റില്‍ ഡീഗോ മൗറീഷ്യയുടെ ഗോളിലൂടെ മുന്നിലെത്തിയ ഒഡിഷക്കെതിരെ സമനില ഗോളിനായി ബെംഗലൂരുവിന് 82-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ക്ലൈറ്റണ്‍ സില്‍വയുടെ പാസില്‍ നിന്ന് എറിക് പാര്‍ത്താലുവാണ് ബെംഗലൂരുവിന് സമനില സമ്മാനിച്ചത്.
സമനിലയോടെ ഗോള്‍വ്യത്യാസത്തില്‍ കേരളാസ ബ്ലാസ്റ്റേഴ്സിനെ വീണ്ടും ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളി ബെംഗലൂരു ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഹൈദരാബാദ് എഫ്‌സിയെ സമനിലയില്‍ തളച്ച ജംഷഡ്‌പൂര്‍ എഫ്‌സി എട്ടാം സ്ഥാനത്താണ്. മൂന്ന് ടീമുകള്‍ക്കും 13 കളികളില്‍ 14 പോയന്‍റ് വീതമാണുള്ളത്. 13 കളികളില്‍ എട്ടു പോയന്‍റുള്ള ഒഡീഷ അവസാന സ്ഥാനത്ത് തുടരുന്നു.
കളിയുടെ അവസാന 15 മിനിറ്റ് സമനില ഗോളിനായി ബെംഗലൂരുവും ലീഡുയര്‍ത്താന്‍ ഒഡീഷയും പൊരിഞ്ഞ പോരാട്ടം പുറത്തെടുത്തപ്പോള്‍ മത്സരം ആവേശകരമായി. ബെംഗലൂരുവിന്‍റെ തുടര്‍ ആക്രമണങ്ങളില്‍ പലപ്പോഴും ഒഡീഷ പ്രതിരോധത്തിന് പിഴച്ചെങ്കിലും ഗോള്‍ കീപ്പര്‍ അര്‍ഷദീപിന്‍റെ മിന്നും സേവുകള്‍ അവര്‍ക്ക് തുണയായി.
മറുവശത്ത് ഒഡീഷയുടെ പ്രത്യാക്രമണത്തില്‍ ബെംഗലൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും പരീക്ഷിക്കപ്പെട്ടു.ബെംഗലൂരു സമനില ഗോള്‍ നേടിയശേഷം ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല.