എ ടി കെയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് ജംഷഡ്പൂര്‍
എടികെയുടെ ആശ്വാസ ഗോള്‍ റോയ് കൃഷ്ണയടുടെ ബൂട്ടില്‍ നിന്നായിരുന്നു. ഓഫ് സൈഡായിരുന്നെങ്കിലും റഫറി വിളിക്കാഞ്ഞത് എടികെയ്ക്ക് അനുഗഹ്രഹമായി.
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ സീസണിലെ തുടര്‍ച്ചയായ നാലാം ജയത്തിനായി ഇറങ്ങിയ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ജംഷഡ്പൂര്‍ എഫ്‌സി. തുടര്‍ച്ചയായ നാലാം ജയം തേടിയിറങ്ങിയ എടികെയെ വാല്‍സ്കിസിന്‍റെ ഇരട്ടഗോള്‍ മികിവിലാണ് ജംഷഡ്പൂര്‍ മറികടന്നത്.
എടികെയുടെ ആശ്വാസ ഗോള്‍ റോയ് കൃഷ്ണയടുടെ ബൂട്ടില്‍ നിന്നായിരുന്നു. ഓഫ് സൈഡായിരുന്നെങ്കിലും റഫറി വിളിക്കാഞ്ഞത് എടികെയ്ക്ക് അനുഗഹ്രഹമായി. ജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്താമായിരുന്ന എടികെ തോല്‍വിയോടെ രണ്ടാം സ്ഥാനത്ത് തുടരുന്നു. സീസണിലെ ആദ്യ ജയം സ്വന്തമാക്കി ജംഷഡ്പൂരാകട്ടെ ഏഴാം സ്ഥാനത്തേക്ക് കയറി.
ആദ്യപകുതിയില്‍ ജംഷഡ്പൂര്‍ എഫ് സി ഒരു ഗോളിന് മുന്നിലായിരുന്നു. 30-ാം മിനിറ്റില്‍ മോണ്‍റോയിയുടെ കോര്‍ണറില്‍ നിന്ന് നെറിയസ് വാല്‍സ്കിസാണ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്. 4-1-4-1 ഫേര്‍മേഷനില്‍ കളി തുടങ്ങിയ ജംഷഡ്പൂര്‍ കളിയുടെ തുടക്കം മുതലേ എ ടികെയെ സമ്മര്‍ദ്ദത്തിലാക്കി. പതിമൂന്നാം മിനിറ്റില്‍ തന്നെ മുഷബിര്‍ ജംഷഡ്പൂരിനെ മുന്നിലെത്തിച്ചുവെന്ന് കരുതിയെങ്കിലും നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്കാണ് ഷോട്ട് പോയത്. 26-ാം മിനിറ്റില്‍ വീണ്ടും ജംഷഡ്പൂരിന് അവസരം ലഭിച്ചെങ്കിലും ഗോള്‍വല കുലുക്കാനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിലും ആക്രമിച്ചു കളിച്ച ജംഷഡ്പൂര്‍ എ ടി കെയ്ക്ക് പ്രതിരോധത്തിലാക്കി. എ ടി കെയുടെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ജംഷഡ്പൂര്‍ രണ്ടാം ഗോള്‍ നേടിയത്. ജംഷഡ്പൂരിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്ന് എടികെ ഡിഫന്‍ഡറുടെ ദേഹത്ത് തട്ടിയ പന്ത് ആരും മാര്‍ക്ക് ചെയ്യാതെ നിന്ന വാല്‍സ്കിസിന്‍റെ മുന്നിലേക്ക്. അനായാസം പന്ത് വലയിലെത്തിച്ച് വാല്‍സ്കിസ് ജംഷഡ്പൂരിന്‍റെ വിജയം ഉറപ്പാക്കി.
കളി തീരാന്‍ പത്ത് മിനിറ്റ് ബാക്കി നില്‍ക്കെ റോയ് കൃഷ്ണയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും അത് ഓഫ് സൈഡായിരുന്നു. എന്നാല്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിളിക്കാത്തതിനാല്‍ എ ടി കെയ്ക്ക് ഗോള്‍ അനുവദിച്ചു. അവസാന നിമിഷങ്ങളില്‍ ഗോളടിക്കുന്ന എ ടികെ പരമാവധി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ജംഷഡ്പൂര്‍ ഗോള്‍ കീപ്പര്‍ മലയാളി താരം രഹ്നേഷിന്‍റെ മികവിന് മുന്നില്‍ ഒടുവില്‍ എ ടി കെ തോല്‍വി സമ്മതിച്ചു.