ഇഞ്ചുറി ടൈമില്‍ ഗോള്‍; ഐഎസ്എല്‍ സെമിയില്‍ എടികെയെ സമനിലയില്‍ പൂട്ടി നോര്‍ത്ത് ഈസ്റ്റ്
ആദ്യപകുതിയുടെ 34-ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് നേടിയ ഗോളില്‍ വിജയം ഉറപ്പിച്ച എടികെയെ ഞെട്ടിച്ചാണ് ഇഞ്ചുറി ടൈമില്‍ ഇദ്രിസ്സ സില്ല എടികെയുടെ വലയില്‍ പന്തെത്തിച്ചത്.
മഡ്ഗാവ്: ഐഎസ്എല്‍ രണ്ടാം സെമിഫൈനലില്‍ എടികെ മോഹന്‍ ബഗാനെതിരെ പരാജയ മുനമ്പില്‍ നിന്ന് സമനില പിടിച്ചുവാങ്ങി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റില്‍ ഇദ്രിയാസ് സില്ല നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ‍് എടികെയെ സമനിലയില്‍(1-1) പൂട്ടിയത്.
ആദ്യപകുതിയുടെ 34-ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് നേടിയ ഗോളില്‍ വിജയം ഉറപ്പിച്ച എടികെയെ ഞെട്ടിച്ചാണ് ഇഞ്ചുറി ടൈമില്‍ ഇദ്രിസ്സ സില്ല എടികെയുടെ വലയില്‍ പന്തെത്തിച്ചത്. ജയത്തോടെ പതിനൊന്ന് മത്സരങ്ങളില്‍ പരാജയം അറിഞ്ഞിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനും നോര്‍ത്ത് ഈസ്റ്റിനായി. ചൊവ്വാഴ്ച ഇരു ടീമുകളും തമ്മിലുള്ള രണ്ടാംപാദ സെമി നടക്കും.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച എടികെ മോഹന്‍ ബഗാനായാരുന്നു മത്സരത്തില്‍ മുന്‍തൂക്കം. എങ്കിലും ആദ്യ ഗോളിനായി അവര്‍ക്ക് അരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു. ബോക്സിന് തൊട്ടു പുറത്തു നിന്ന് റോയ് കൃഷ്ണ നല്‍കിയ പാസില്‍ നിന്ന് പിഴവുകളേതുമില്ലാതെ ഡേവിഡ് വില്യംസ് നോര്‍ത്ത് ഈസ്റ്റിന്‍റെ വല ചലിപ്പിച്ചു.
ആദ്യപകുതിയില്‍ ഒരു ഗോള്‍ ലീഡിന്‍റെ മുന്‍തൂക്കം എടികെയ്ക്കുണ്ടായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റും ആക്രമണങ്ങള്‍ കനപ്പിച്ചു. 66-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ലാംബോട്ടിന് പകരം ഇദ്രിസ്സ സില്ല ഇറങ്ങിയതോടെ നോര്‍ത്ത് ഈസ്റ്റിന്‍റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ നോര്‍ത്ത് ഈസ്റ്റ് കാത്തിരുന്ന ഗോളെത്തി.
ലൂയിസ് മച്ചാഡോയുടെ ഹൈ ബോള്‍ തലകൊണ്ട് വലയിലാക്കി ഇദ്രിയാസ് സില്ലയാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ സമനില വീണ്ടെടുത്തത്. എടികെ പ്രതിരോധത്തില്‍ ടിരിയും സന്ദേശ് ജിങ്കാനും ഇല്ലാത്തതിന്‍റെ കുറവ് മുതലെടുത്താണ് നോര്‍ത്ത് ഈസ്റ്റ് ഹൈ ബോളിലൂടെ വിജയഗോള്‍ നേടിയത്.