ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍; 10 പേരുമായി പൊരുതിയ ഹൈദരാബാദിന്‍റെ വിജയപ്രതീക്ഷ തകര്‍ത്ത് എ ടി കെ
സമനിലയോടെ 19 കളികളില്‍ 28 പോയന്‍റുമായി നാലാം സ്ഥാനത്ത് തുടരുന്നുവെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഹൈദരാബാദ് ഇനിയും കാത്തിരിക്കണം. സമനിലയോടെ 19 കളികളില്‍ 40 പോയന്റുമായി എടികെ മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തുകയും ചെയ്തു.
മഡ്ഗാവ്: ഐഎസ്എല്ലില്‍ അവസാന നിമിഷം ഗോളടിക്കുന്ന പതിവ് ഇത്തവണയും എടികെ മോഹന്‍ ബഗാന്‍ തെറ്റിച്ചില്ല. പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാനിറങ്ങിയ ഹൈദരാബാദ് എഫ്‌സിയെ ഇഞ്ചുറി ടൈമില്‍ മന്‍വീര്‍ സിംഗ് നേടിയ ഗോളില്‍ എടികെ സമനിലയില്‍(2-2) പിടിച്ചു. ആദ്യപകുതിയില്‍ അരിഡാനെ സന്‍റാന നേടിയ ഒരു ഗോളിന് ഹൈദരാബാദ് മുന്നിലായിരുന്നു.
സമനിലയോടെ 19 കളികളില്‍ 28 പോയന്‍റുമായി നാലാം സ്ഥാനത്ത് തുടരുന്നുവെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഹൈദരാബാദ് ഇനിയും കാത്തിരിക്കണം. സമനിലയോടെ 19 കളികളില്‍ 40 പോയന്റുമായി എടികെ മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തുകയും ചെയ്തു.
കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ചുവപ്പുകാര്‍ഡ് കണ്ട ചിംഗ്‌ലെന്‍സന സിംഗിനെ ഹൈദരാബാദിന് നഷ്ടമായി. ഗോളിലേക്കുള്ള മുന്നേറ്റത്തിനിടെ ഡേവിഡ് വില്യംസിനെ പിന്നില്‍ നിന്ന് അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിനായിരുന്നു ചിംഗ്‌ലെന്‍സനക്ക് റഫറി മാര്‍ച്ചിംഗ് ഓര്‍ഡര്‍ നല്‍കിയത്.
തുടക്കത്തിലെ പത്തുപേരായി ചുരുങ്ങിയെങ്കിലും ഹൈദരാബാദിന്‍റെ ആക്രമണങ്ങളുടെ മൂര്‍ച്ച ഒട്ടും കുറഞ്ഞില്ല. എട്ടാം മിനിറ്റില്‍ പ്രീതം കോട്ടാലിന്‍റെ ബാക് പാസ് പിടിച്ചെടുത്ത് എടികെയെ ഞെട്ടിച്ച് ക്യാപ്റ്റന്‍ അരിഡാനെ സന്‍റാന ഹൈദരാബാദിനെ മുന്നിലെത്തിച്ചു. ഹൈദരാബാദിന് പത്തുപേരെ ഉണ്ടായിരുന്നുള്ളുവെങ്കിലും സമനില ഗോളിനായി എടികെക്ക് 57ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
ഡേവിഡ് വില്യംസിന്‍റെ പാസില്‍ നിന്ന് മന്‍വീര്‍ സിംഗായിരുന്നു എടികെക്ക് സമനില സമ്മാനിച്ചത്. എന്നാല്‍ ത്രോ ബോളില്‍ നിന്ന് ലഭിച്ച പന്തില്‍ സന്‍റാനെ നല്‍കിയ ഹെഡ്ഡറില്‍ നിന്ന് റോളണ്ട് ആല്‍ബര്‍ഗ് ഹൈദരാബാദിനെ വീമ്ടും മുന്നിലെത്തിച്ചതോടെ കളി വീണ്ടും ആവേശകരമായി.ർ
ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ പ്രീതം കോട്ടാല്‍ നേരത്തെ തനിക്ക് പറ്റിയ അബദ്ധത്തിന് പ്രായശ്ചിത്തം ചെയ്തു. ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ കൈയബദ്ധത്തില്‍ നിന്നായിരുന്നു പ്രീതം കോട്ടാല്‍ ബഗാന് സമനില സമ്മാനിച്ച് രണ്ടാം ഗോള്‍ നേടിയത്.