ISL : ഐഎസ്എല്‍; ഇന്ത്യൻ ഫുട്ബോളിനെ ആഗോള ഭൂപടത്തിലേക്ക് ഉയർത്തിയ ലീഗ്
ഇന്ത്യൻ ഫുട്ബോളിനെ ആഗോള ഭൂപടത്തിലേക്ക് ഉയർത്തിയ ലീഗാണ് ഐഎസ്എല്‍
പനാജി: കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ പ്രധാന ആഭ്യന്തര ഫുട്ബോള്‍ ടൂര്‍ണമെന്‍റായിരുന്ന ഐ ലീഗ് ആരാധകര്‍ ആസ്വദിച്ചിരുന്നു. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യന്‍ ഫുട്ബോളിന്‍റെ പ്രസിദ്ധി കുത്തനെയുയര്‍ന്നത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) കടന്നുവന്നതോടെയാണ്. നിമിഷ നേരം കൊണ്ട് ഇന്ത്യന്‍ ഫുട്ബോളിന്‍റെ മുഖമാകെ മാറി. ഐഎസ്‌എല്‍ ആരംഭിച്ചിട്ട് എട്ട് വര്‍ഷമാകുമ്പോള്‍ 8ല്‍ നിന്ന് 11 ടീമുകളാവുകയും രാജ്യത്തെ ഏറ്റവും വലുതും സുപ്രധാനവുമായ ഫുട്ബോള്‍ ടൂര്‍ണമെന്‍റായി അത് വളരുകയും ചെയ്തു.
മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ പോരാട്ടം ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും(എഐഎഎഫ്‌എഫ്) എഫ്‌എസ്‌ഡിഎല്ലും ഈ രണ്ട് വമ്പന്‍ ക്ലബുകളെ ഒരു മേല്‍ക്കൂരയിലേക്ക് കൊണ്ടുവന്നു. ഇന്ത്യന്‍ ഫുട്ബോളിലെ ഈ രണ്ട് ഇതിഹാസ ക്ലബുകള്‍ക്ക് പുറമെ മറ്റ് ക്ലബുകളും ഐഎസ്എല്ലിന്‍റെ ഭാഗമാവുകയും എട്ടാം എഡിഷന്‍ പുരോഗമിക്കുകയുമാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ ടെലിവിഷന്‍ സെറ്റുകളില്‍ വീണ്ടും ഫുട്ബോള്‍ വസന്തം നിറഞ്ഞു എന്ന് ഫാന്‍സിന് അഭിമാനത്തോടെ പറയാനാകും.
നിലവിലെ ചാമ്പ്യന്‍മാരായാണ് മുംബൈ സിറ്റി എഫ്‌സി ഇക്കുറി ടൂര്‍ണമെന്‍റിനെത്തിയത്. കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങിയ മുംബൈ ഇത്തവണ അഞ്ച് മത്സരങ്ങള്‍ കളിച്ചപ്പോള്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ചില്‍ നാല് മത്സരങ്ങള്‍ ജയിച്ച് 12 പോയിന്‍റ് മുംബൈക്കുണ്ട്. ജംഷഡ്‌പൂര്‍ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, ഒഡിഷ എഫ്‌സി എന്നിവരാണ് പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലുള്ള മറ്റ് ടീമുകള്‍.
ഇന്ത്യന്‍ ഫുട്ബോളിലെ കരുത്തരായ ബെംഗളൂരു എഫ്‌സിയും ഈസ്റ്റ് ബംഗാളും നിലവില്‍ പോയിന്‍റ് പട്ടികയില്‍ വളരെ താഴെയാണ്. മൂന്ന് തവണ ചാമ്പ്യന്‍മാരെങ്കിലും എടികെ മോഹന്‍ ബഗാന്‍ ആദ്യ നാലില്‍ ഇടംപിടിക്കാനാകാതെ വിയര്‍ത്ത് ആറാം സ്ഥാനത്താണ്.
കുറച്ച് മത്സരങ്ങള്‍ കൂടി കഴിയുമ്പോള്‍ പോയിന്‍റ് പട്ടിക മാറിമറിയാം. വിജയിക്കാന്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിക്ക് മറ്റേത് ടീമിനേക്കാളും അവസരമുണ്ട്. ടൂര്‍ണമെന്‍റില്‍ ഇതിനകം അവരുടെ അഞ്ച് താരങ്ങള്‍ രണ്ടോ അതിലധികമോ ഗോളുകള്‍ നേടിക്കഴിഞ്ഞു എന്നതാണ് ഒരു കാരണം. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 16 ഗോളാണ് മുംബൈ അടിച്ചുകൂട്ടിയത്. ശരാശരി ഒരു മത്സരത്തില്‍ മൂന്നിലധികം ഗോളുകളെന്ന വിസ്‌മയ റെക്കോര്‍ഡാണ് ടീമിനുള്ളത്.
കാല്‍പന്തുകളിയെ ഒരു കാല്‍പനിക വിനോദം എന്നാണ് നാം പറയാറ്. അതിലുണ്ടായ വലിയ വിപ്ലവമാണ് ഐഎസ്എല്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നമ്മളെ ഏറെ ആകര്‍ഷിക്കുമ്പോള്‍ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ഏത് ടീമാണ് കപ്പുയര്‍ത്താന്‍ പോകുന്നത്? മുംബൈ സിറ്റി രണ്ടാം കിരീടം നേടുമോ? അതോ പുതിയ ചാമ്പ്യന്‍ ടീം ഉയരുമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമാകും വരെ ഐഎസ്‌എല്‍ വസന്തം നമുക്ക് ആസ്വദിക്കാം.
ISL : ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍റെ ഹാട്രിക്കില്‍ ഒഡീഷയെ മുക്കി ജംഷഡ്പൂര്‍ രണ്ടാമത്