തലവേദന ബെംഗളൂരുവിന്; എതിരാളികള്‍ മുംബൈ സിറ്റി, ഇന്ന് പോരാട്ടം കനക്കും
പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങൾ മികച്ച മാർജിനിൽ ബംഗളൂരുവിന് ജയിക്കേണ്ടതുണ്ട്.
മഡ്‌ഗാവ്: ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി-ബെംഗളൂരു എഫ്സി പോരാട്ടം. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി. പതിനാറ് മത്സരങ്ങളിൽ നിന്ന് 34 പോയിന്‍റുമായി നിലവിൽ രണ്ടാം സ്ഥാനത്താണ് മുംബൈ. 36 പോയിന്‍റുള്ള എടികെ മോഹന്‍ ബഗാനെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരമാണ് ഇന്ന് മുംബൈക്ക് മുന്നിലുള്ളത്.
അതേസമയം പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങൾ മികച്ച മാർജിനിൽ ബെംഗളൂരുവിന് ജയിക്കേണ്ടതുണ്ട്. 17 മത്സരങ്ങളില്‍ 19 പോയിന്‍റുമായി നിലവില്‍ ഏഴാം സ്ഥാനത്താണ് ബിഎഫ്‌സി. സീസണിൽ നേരത്തെ ഏറ്റമുട്ടിയപ്പോൾ മുംബൈയ്‌ക്കായിരുന്നു ജയം.
ഞായറാഴ്‌ച രണ്ട് മത്സരങ്ങളായിരുന്നു ഐഎസ്എല്ലിലുണ്ടായിരുന്നത്. ആദ്യ മത്സരത്തില്‍ ഒഡിഷ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. നോര്‍ത്ത് ഈസ്റ്റിനായി ലൂയിസ് മഷാഡോ ഇരട്ട ഗോള്‍ നേടി. ദെഷോം ബ്രൗണാണ് മറ്റൊരു ഗോള്‍ നേടിയത്. ബ്രാഡ് ഇന്മാമിന്‍റെ വകയായിരുന്നു ഒഡീഷയുടെ ഏകഗോള്‍.
ഇന്നലത്തെ രണ്ടാം മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് മുംബൈ സിറ്റിയെ മറികടന്ന് എടികെ പട്ടികയില്‍ ഒന്നാമതെത്തിയത്. 85-ാം മിനുറ്റില്‍ ഡേവിഡ് വില്യംസിന്‍റെ അസിസ്റ്റില്‍ റോയ് കൃഷ്‌ണ എടികെയുടെ വിജയഗോള്‍ നേടി. സീസണില്‍ റോയ് കൃഷ്‌ണയുടെ 13-ാം ഗോളാണിത്. തലപ്പത്തുള്ള എടികെയ്‌ക്ക് 36 പോയിന്‍റാണുള്ളത്.
വീണ്ടും റോയ് കൃഷ്‌ണ; ഐഎസ്എല്ലില്‍ ഗോളും പുരസ്‌കാരവും