ബെംഗളൂരുവിനെയും വീഴ്‌ത്തി മുംബൈയുടെ കുതിപ്പ്; വീണ്ടും ഒന്നാമത്
ജാഹു ചുവപ്പ് കാര്‍ഡ് കണ്ടതോടെ മുംബൈ 10 പേരായി ചുരുങ്ങിയെങ്കിലും വിജയം അവര്‍ കൈവിട്ടില്ല.
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ബെംഗലൂരു എഫ്‌സിയെ തകര്‍ത്ത് മുംബൈ സിറ്റി പോയിന്‍റ് പട്ടികയില്‍ വീണ്ടും മുന്നില്‍. ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മുംബൈയുടെ വിജയഭേരി. ഒന്‍പത് കളിയില്‍ ഏഴ് ജയവും 22 പോയിന്‍റുമായാണ് മുംബൈ തലപ്പത്ത് നില്‍ക്കുന്നത്. അതേസമയം അത്രതന്നെ മത്സരങ്ങളില്‍ 12 പോയിന്‍റുമായി ബെംഗളൂരു അഞ്ചാംസ്ഥാനത്ത് തുടരുന്നു.
ആദ്യപകുതി
ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍ ബെംഗളൂരു 4-2-3-1 ശൈലിയിലും മുംബൈ സിറ്റി 4-2-3-1 ഫോര്‍മേഷനിലുമാണ് കളത്തിലിറങ്ങിയത്. ഐഎസ്എല്ലില്‍ മികച്ച റെക്കോര്‍ഡുള്ള ബെംഗലൂരുവിനെ തുടക്കം മുതല്‍ വിറപ്പിച്ചു ഈ സീസണില്‍ കുതിപ്പ് തുടരുന്ന മുംബൈ സിറ്റി. ഒന്‍പതാം മിനുറ്റില്‍ പ്രതിരോധ താരം മൗര്‍റ്റാഡ ഫാള്‍ മുംബൈയെ മുന്നിലെത്തിച്ചു. ബിപിന്‍ സിംഗ് എടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ച് ലക്ഷ്യം കാണുകയായിരുന്നു ഫാള്‍. ഐഎസ്എല്ലില്‍ പത്താം തവണയാണ് ഫാള്‍ ഹെഡര്‍ ഗോള്‍ നേടുന്നത്.
15-ാം മിനുറ്റില്‍ മുംബൈയുടെ വക രണ്ടാം ഗോള്‍. മന്ദര്‍ റാവു ദേശായിയുടെ അളന്നുമുറിച്ച ക്രോസില്‍ നിന്ന് ബിപിന്‍ സിംഗാണ് ലക്ഷ്യം കണ്ടത്. സൂപ്പര്‍താരം സുനില്‍ ഛേത്രിയടക്കമുള്ളവര്‍ ആദ്യ ഇലവനില്‍ അണിനിരന്നിട്ടും 45 മിനുറ്റുകള്‍ക്കുള്ളില്‍ മറുപടി നല്‍കാന്‍ ബെംഗളൂരുവിനായില്ല. ഇതോടെ മുംബൈയ്‌ക്ക് അനുകൂലമായി(2-0) മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞു.
രണ്ടാംപകുതി
ബ്രൗണിനും പ്രതീക്കിനും പകരം ഉദാന്തയെയും അജിത്തിനെയും അണിനിരത്തിയാണ് ബെംഗളൂരു രണ്ടാംപകുതിക്ക് ഇറങ്ങിയത്. 58-ാം മിനുറ്റില്‍ രാഹുല്‍ ബേക്കേയ്‌ക്ക് പകരം ഫ്രാന്‍ ഗോണ്‍സാലസും കളത്തിലെത്തി. 66-ാം മിനുറ്റില്‍ ഓഗ്‌ബച്ചേ മുംബൈക്കായിറങ്ങി. ക്ലീറ്റന്‍ സില്‍വയെ ഫാള്‍ ബോക്‌സില്‍ വീഴ്‌ത്തിയതിന് 77-ാം മിനുറ്റില്‍ ബെംഗളൂരുവിന് അനുകുലമായി പെനാല്‍റ്റി ലഭിച്ചു. അമരീന്ദറിനെ കബളിപ്പിച്ച് ഛേത്രി പന്ത് വലയിലാക്കിയതോടെ ബെംഗളൂരുവിന്‍റെ തിരിച്ചുവരവ്.
എന്നാല്‍ ഗോളി ഗുര്‍പ്രീതിന്‍റെ പിഴവ് മുതലാക്കി മുംബൈ സിറ്റി 84-ാം മിനുറ്റില്‍ ലീഡുയര്‍ത്തി. ഗോദാര്‍ദെടുത്ത കോര്‍ണര്‍ കിക്കില്‍ ഉയര്‍ന്നുചാടി ഓഗ്‌ബച്ചെ ഹെഡര്‍ പൊഴിച്ചെങ്കിലും ഗുര്‍പ്രീത് കൈക്കലാക്കിയെന്ന് തോന്നിച്ചു. എന്നാല്‍ ലാന്‍ഡിംഗിലെ പിഴവില്‍ പന്ത് കൈകളില്‍ നിന്ന് വഴുതി ഗോള്‍വര ഭേദിച്ചു. തൊട്ടുപിന്നാലെ ജാഹു ചുവപ്പ് കാര്‍ഡ് കണ്ടതോടെ മുംബൈ 10 പേരായി ചുരുങ്ങിയെങ്കിലും വിജയം അവര്‍ കൈവിട്ടില്ല.