ഐഎസ്എല്‍: ജംഷഡ്‌പൂരിന്‍റെ ഭാവി ഇന്നറിയാം; എതിരാളികള്‍ മുംബൈ സിറ്റി
ഇന്ന് പോയിന്‍റ് കൈവിട്ടാല്‍ അവസാന നാലിലെത്താനുള്ള ജംഷഡ്‌പൂരിന്‍റെ എല്ലാ സാധ്യതകളും അവസാനിക്കും.
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ സിറ്റി ഇന്നിറങ്ങുന്നു. ഗോവയില്‍ വൈകിട്ട് ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയാണ് എതിരാളികള്‍. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ന് പോയിന്‍റ് കൈവിട്ടാല്‍ അവസാന നാലിലെത്താനുള്ള ജംഷഡ്‌പൂരിന്‍റെ എല്ലാ സാധ്യതകളും അവസാനിക്കും.
അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് 4-2ന് തോല്‍വി വഴങ്ങിയിരുന്നു മുംബൈ സിറ്റി. എടികെ മോഹന്‍ ബഗാനോട് അവസാന മത്സരത്തില്‍ തോല്‍വിയായിരുന്നു ജംഷഡ്‌പൂരിന്‍റെ വിധിയും. 17 മത്സരങ്ങളില്‍ 34 പോയിന്‍റുമായി പട്ടികയില്‍ രണ്ടാമതുള്ള മുംബൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. 18 മത്സരങ്ങളില്‍ 21 പോയിന്‍റുമായി നിലവില്‍ ഏഴാം സ്ഥാനത്താണ് ജംഷഡ്‌പൂര്‍.
ഡാർബി എടികെ മോഹന്‍ ബഗാന്
ഐഎസ്‌എല്ലിലെ കൊൽക്കത്ത ഡാർബിയിൽ എടികെ മോഹൻ ബഗാന്‍ വിജയിച്ചു. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് എടികെ തോൽപിച്ചത്. പതിനഞ്ചാം മിനിറ്റിൽ റോയ് കൃഷ്ണയും എഴുപത്തിരണ്ടാം മിനിറ്റിൽ ഡേവിഡ് വില്യംസും എൺപത്തിയൊൻപതാം മിനിറ്റി യാവി ഹെർണാണ്ടസുമാണ് എടികെ ബഗാന്റെ ഗോളുകൾ നേടിയത്.
ടിരിയുടെ സെൽഫ് ഗോൾ മാത്രമാണ് ഈസ്റ്റ് ബംഗാളിന് ആശ്വസിക്കാനുണ്ടായിരുന്നത്. എടികെ ബഗാൻ സീസണിൽ രണ്ടാം തവണയാണ് ഈസ്റ്റ് ബംഗാളിനെ തോൽപിക്കുന്നത്. പന്ത്രണ്ടാം ജയത്തോടെ 39 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ എടികെ ബഗാൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പതിനേഴ് പോയിന്റുള്ള ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്താണ്.
ഗോളടിച്ചും അടിപ്പിച്ചും റോയ് കൃഷ്ണ വീണ്ടും കളിയിലെ താരം