ഗോള്‍ പിറക്കാത്ത രണ്ടാംപകുതി; ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍
സീസണിലെ ആദ്യ ജയത്തിനായി ഗോവയ്‌ക്ക് ഇനിയും കാത്തിരിക്കണം.
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ എഫ്‌സി ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ നേടി. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ്സാ സില്ലയും ഗോവയ്‌ക്കായി ഇഗോര്‍ അൻഗ്യൂലോയുമാണ് വല ചലിപ്പിച്ചത്. ഇതോടെ സീസണിലെ ആദ്യ ജയത്തിനായി ഗോവയ്‌ക്ക് ഇനിയും കാത്തിരിക്കണം.
വമ്പൻ മാറ്റങ്ങളുമായി ടീമുകൾ
ഗോവ മൂന്നും നോര്‍ത്ത് ഈസ്റ്റ് അഞ്ചും മാറ്റങ്ങളുമായാണ് മൈതാനത്ത് ഇറങ്ങിയത്. ഗോവ 4-3-1-2 ഫോര്‍മേഷനില്‍ ഇറങ്ങിയപ്പോള്‍ ഇഗോർ അൻഗ്യൂലോ, ജോർഗെ ഓർട്ടിസ് എന്നിവരായിരുന്നു സ്‌ട്രൈക്കര്‍മാര്‍. 4-3-3 ശൈലിയില്‍ കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലൂയസ് മഷാഡോ, ഇദ്രിസ്സാ സില്ല, മലയാളി താരം ബ്രിട്ടോ പിഎം എന്നിവരെ ആക്രമണത്തിൽ അണിനിരത്തി.
ആവേശം ആദ്യ പകുതി
അഞ്ചാം മിനുറ്റില്‍ തന്നെ ഗോവയ്‌ക്കായി ഓര്‍ട്ടിസ് ആദ്യ ആക്രമണം അഴിച്ചുവിട്ടു. 13-ാം മിനുറ്റില്‍ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്തതിന് ഗോവയ്‌ക്ക് ലഭിച്ച ഫ്രീകിക്ക് ബേഡിയക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. 24-ാം മിനുറ്റില്‍ ഗോവയുടെ സാവിയര്‍ ഗാമയുടെ ഇടംകാലന്‍ ഷോട്ടും പുറത്തേക്ക് പോയി. മുപ്പത്തിനാലാം മിനുറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മഷാഡോയ്‌ക്ക് മുതലാക്കാനായില്ല. തൊട്ടുപിന്നാലെ ബ്രിട്ടോയുടെ ക്രോസ് സില്ല ക്രേസ് ബാറിന് മുകളിലൂടെ ഹെഡര്‍ ചെയ്ത് അവസരം പാഴാക്കി.
അടി തിരിച്ചടി, ആവേശത്തിന്‍റെ 10 മിനുറ്റ്
40-ാം മിനുറ്റില്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ച ഗോളിന്‍റെ പിറവിയുണ്ടായി. സില്ലയെ ഇവാന്‍ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത സില്ല നവാസിന്‍റെ ഇടതുവശത്തിലൂടെ വലയിലെത്തിച്ചു. എന്നാല്‍ മൂന്ന് മിനുറ്റുകളുടെ ഇടവേളയില്‍ ഗോവ തിരിച്ചടിച്ചു. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്‍റെ ക്രോസ് അൻഗ്യൂലോ വലയിലേക്ക് തഴുകിവിട്ടു. സുഭാശിഷ് റോയ് ചൗധരിക്ക് കാഴ്‌ചക്കാരനാകാനേ കഴിഞ്ഞുള്ളൂ. ഇതോടെ 1-1ന് ആദ്യപകുതി പിരിഞ്ഞു.
ഗോള്‍ പിറക്കാത്ത രണ്ടാംപകുതി
രണ്ടാംപകുതിയിലും കൂടുതല്‍ ആക്രമിച്ച് കളിച്ചത് ഗോവയാണ്. വലത് വിങ്ങിലൂടെയായിരുന്നു ആക്രമണ ശ്രമങ്ങള്‍. എന്നാല്‍ ഗോള്‍ പിറന്നില്ല. 82-ാം മിനുറ്റില്‍ മഷാഡോയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് നവാസ് തട്ടിയകറ്റി. 90 മിനുറ്റ് പൂര്‍ത്തിയായി അഞ്ച് മിനുറ്റ് അധികസമയം അനുവദിച്ചെങ്കിലും ഇരു ടീമിനും മുതലാക്കാനായില്ല. മൂന്ന് കളിയില്‍ അഞ്ച് പോയിന്‍റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാമതും ഏഴ് മത്സരങ്ങളില്‍ രണ്ട് പോയിന്‍റ് മാത്രമുള്ള എഫ്‌സി ഗോവ ഏഴാം സ്ഥാനത്തുമാണ്.
വംശീയാധിക്ഷേപ വിവാദത്തിൽ കുരുങ്ങി കവാനി; മൂന്ന് മത്സരങ്ങളില്‍ വിലക്കിന് സാധ്യത