പ്ലേ ഓഫ് സാധ്യത അരക്കിട്ടുറപ്പിക്കാന്‍ ഹൈദരാബാദ് എഫ്‌സി; എതിര്‍മുഖത്ത് ഈസ്റ്റ് ബംഗാള്‍
പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഈസ്റ്റ് ബംഗാൾ 16 പോയിന്റുമായി പത്താം സ്ഥാനത്താണ്.
മഡ്‌ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാൾ ഇന്ന് ഹൈദരാബാദിനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. 16 കളിയിൽ 23 പോയിന്റുള്ള ഹൈദരാബാദ് ലീഗിൽ നാലാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഈസ്റ്റ് ബംഗാൾ 16 പോയിന്റുമായി പത്താം സ്ഥാനത്തും. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദ് രണ്ടിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ തോൽപിച്ചിരുന്നു.
അതേസമയം ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഒഡിഷയോട് സമനില വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്താതെ പുറത്തായത്.
എല്ലാം പതിവ് പോലെ...
ജീവൻമരണ പോരാട്ടമായിരുന്നിട്ടും ലീഡെടുത്ത ശേഷം സുവർണാവസരങ്ങൾ പാഴാക്കിയും പതറിയ പ്രതിരോധവും വഴി തോല്‍വി വഴങ്ങുകയായിരുന്നു മഞ്ഞപ്പട. സീസണിൽ ഇതുവരെ ഒറ്റക്കളി ജയിച്ച ഒഡിഷ ഇടവേളയ്ക്ക് തൊട്ടുമുൻപ് മുന്നിലെത്തി. എന്നാല്‍ 62-ാം മിനിറ്റിൽ ഹൂപ്പർ-മറേ കൂട്ടുകെട്ടില്‍ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. തൊട്ടുപിന്നാലെ ഹൂപ്പറിന്റെ ഗോളിലൂടെ ലീഡെടുത്തു. എന്നാല്‍ 74-ാം മിനിറ്റിൽ കളികൈവിട്ടു.
ഡീഗോ മൗറീഷ്യോയുടെ ഇരട്ടഗോളിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ തകർന്നുവീണു. മൂന്ന് കളി ശേഷിക്കേ 16 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒൻപതാമതാണ്. ബാക്കിയുള്ള കളികളെല്ലാം ജയിച്ചാലും ബ്ലാസ്റ്റേഴ്സിന് അവസാന നാലിൽ എത്താൻ കഴിയില്ല. പോയിന്റ് പട്ടികയിൽ രണ്ടക്കം കാണാത്ത ഒഡിഷ നേരത്തേ പുറത്തായിരുന്നു.
ബ്ലാസ്റ്റേഴ്സിന്‍റെ അന്തകനായി ഡീഗോ മൗറീഷ്യോ, കളിയിലെ താരം