ബിപിന്‍ സിംഗ്: ബെംഗളൂരുവിനെ ഒറ്റയ്‌ക്ക് വീഴ്‌ത്തിയവന്‍!
മുംബൈക്ക് അവിസ്‌മരണീയ ജയമൊരുക്കിയത് ബിപിന്‍ സിംഗ് എന്ന ഇന്ത്യന്‍ എഞ്ചിനാണ്.
മഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ മുംബൈ സിറ്റി വിജയാരവം തുടരുകയാണ്. അവസാന മത്സരത്തില്‍ കരുത്തരായ ബെംഗളൂരു എഫ്‌സിയെയും അവര്‍ മലര്‍ത്തിയടിച്ചു. ഒന്നിനെതിരെ മൂന്ന് ഗോള്‍ ജയവുമായി മുംബൈ പോയിന്‍റ് പട്ടികയില്‍ ഇതോടെ തലപ്പത്ത് മടങ്ങിയെത്തി. മുംബൈക്ക് അവിസ്‌മരണീയ ജയമൊരുക്കിയതാവട്ടെ ബിപിന്‍ സിംഗ് എന്ന മധ്യനിര ഇന്ത്യന്‍ എഞ്ചിനും.
ഒന്‍പതാം മിനുറ്റില്‍ മുംബൈ ലീഡെടുത്തത് മൗര്‍റ്റാഡ ഫാളിന്‍റെ ഹെഡറിലൂടെ. എന്നാല്‍ ഈ ഗോളിന് വഴിയൊരുക്കിയത് ബിപിന്‍ സിംഗിന്‍റെ കോര്‍ണറായിരുന്നു. 15-ാം മിനുറ്റില്‍ മുംബൈയുടെ രണ്ടാം ഗോളിലും ബിപിന്‍ സിംഗിന്‍റെ സുവര്‍ണ ടച്ച്. മന്ദര്‍ റാവു ദേശായിയുടെ അളുന്നുമുറിച്ച ക്രോസില്‍ ബിപിന്‍റെ സുന്ദരന്‍ ഫിനിഷിംഗ്. 78-ാം മിനുറ്റില്‍ ഛേത്രി ഗോള്‍ മടക്കിയെങ്കിലും 84-ാം മിനുറ്റില്‍ ബിഎഫ്‌സി ഗോളി ഗുര്‍പ്രീത് വരുത്തിയ പിഴവ് മുംബൈയുടെ ജയമുറപ്പിച്ചു.
മണിപ്പൂരില്‍ നിന്നുള്ള ബിപിന്‍ സിംഗിന് 25 വയസാണ് പ്രായം. 2018-19 സീസണ്‍ മുതല്‍ മുംബൈക്കായി കളിക്കുന്നു. മുംബൈയില്‍ എത്തും മുമ്പ് എടികെയിലും ഷില്ലോഗ് ലജോംഗിലുമായിരുന്നു ഊഴം. വഫാ വാങോയ് ക്ലബിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ ബിപിന്‍ സിംഗ് മണിപ്പൂര്‍ പൊലീസ് സ്‌പോര്‍ട്‌സ് ക്ലബിനായും ബൂട്ട് കെട്ടിയിട്ടുണ്ട്.
ബെംഗളൂരുവിനെയും വീഴ്‌ത്തി മുംബൈയുടെ കുതിപ്പ്; വീണ്ടും ഒന്നാമത്