ISL 2021-22 : പ്രതീക്ഷ നിലനിര്‍ത്താന്‍ ഒഡീഷ; നാണക്കേടില്‍ നിന്ന് കരകയറാന്‍ ഈസ്റ്റ് ബംഗാള്‍
പതിനഞ്ച് കളിയില്‍ പത്ത് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ ഇതുവരെ ജയിച്ചത് ഒറ്റക്കളിയില്‍. 16 ഗോള്‍ നേടിയപ്പോള്‍ മുപ്പത് ഗോളാണ് വഴങ്ങിയത്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ഈസ്റ്റ് ബംഗാള്‍ (East Bengal) ഇന്ന് ഒഡീഷ എഫ്‌സിയെ (Odish FC) നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പതിനഞ്ച് കളിയില്‍ പത്ത് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ ഇതുവരെ ജയിച്ചത് ഒറ്റക്കളിയില്‍. 16 ഗോള്‍ നേടിയപ്പോള്‍ മുപ്പത് ഗോളാണ് വഴങ്ങിയത്. മിക്ക മത്സരങ്ങളിലും ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായതും ഇതുതന്നെ. നന്നായി കളിച്ചപ്പോഴും ഗോളുകള്‍ വാങ്ങിക്കൂട്ടി.
പതിനൊന്നു ടീമുകളുള്ള ലീഗില്‍ പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍. 14 കളിയില്‍ 18 പോയിന്റുള്ള ഒഡിഷയ്ക്കും ആശ്വസിക്കാന്‍ ഏറെയില്ല. അവസാന അഞ്ച് കളിയില്‍ ജയിച്ചത് ഒരിക്കല്‍ മാത്രം. എങ്കിലും പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഒഡിഷയ്ക്ക് ഇപ്പോഴും പ്ലേഓഫ് സാധ്യതയുണ്ട്.
23 ഗോള്‍ നേടിയപ്പോള്‍ വാങ്ങിയത് ഇരുപത്തിയെട്ടെണ്ണം. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒഡിഷ ആറിനെതിരെ നാല് ഗോളിന് ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചിരുന്നു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരംകൂടിയായിരുന്നു ഇത്. ഇരുടീമും ഏറ്റുമുട്ടുന്ന നാലാമത്തെ മത്സരമാണിത്. രണ്ടില്‍ ഒഡിഷയും ഈസ്റ്റ് ബംഗാള്‍ ഒന്നിലും ജയിച്ചു.
ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരത്തില്‍ ഏറ്റുമുട്ടിയതും ഇതേടീമുകളായിരുന്നു. കളിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചത് അഞ്ചിനെതിരെ ആറ് ഗോളിന്.