പാസുകള്‍ കൃത്യം, ബ്ലാസ്‌റ്റേഴ്‌സിനെതിരെ ബംഗളൂരു എഫ്‌സിയുടെ ഹീറോയായി ഡെല്‍ഗാഡോ
മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. മധ്യനിരയില്‍ കളിക്കുന്ന ഡെല്‍ഗാഡോ 53ാം മിനിറ്റിലാണ് ഗോള്‍ നേടിയത്.
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സത്തില്‍ ബംഗളൂരു എഫ്‌സിയുടെ ഹീറോയായി ഡിമാസ് ഡെല്‍ഗാഡോ. മധ്യനിരയിലെ തകര്‍പ്പന്‍ പ്രകടനവും ഒരു ഗോളും താരത്തിന് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടികൊടുത്തു. മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. മധ്യനിരയില്‍ കളിക്കുന്ന ഡെല്‍ഗാഡോ 53ാം മിനിറ്റിലാണ് ഗോള്‍ നേടിയത്.
മത്സരത്തിന്റെ മുഴുവന്‍ സമയത്തും കളിച്ച 37കാരന്‍ 88.5 ശതമാനം ആക്യുറേറ്റ് പാസുകള്‍ നല്‍കി. ഇതില്‍ മൂന്നെണ്ണം പ്രധാന പാസുകളായിരുന്നു. അഞ്ച് ക്രോസുകളും താരത്തിന്റേതായി ഉണ്ടായിരുന്നു. ഈ പ്രകടനം തന്നെയാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ രണ്ട് സീസണിലും ബംഗളൂരുവിന്റെ മധ്യനിരയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു സ്‌പെയ്‌നുകാരന്‍. ഇതുവരെ ബംഗളൂരുവിന് വേണ്ടി 60 മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടി.
ഓസ്‌ട്രേലിയന്‍ ക്ലബായ വെസ്‌റ്റേണ്‍ സിഡ്‌നി വാണ്ടറേഴ്‌സില്‍ നിന്നാണ് താരം ബംഗളരൂവിലെത്തുന്നത്. ബാഴ്‌സലോണ ബി ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം അവര്‍ക്ക് വേണ്ടി 62 മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളും നേടിയിട്ടുണ്ട്.