ഐഎസ്എല്ലില്‍ ഇന്ന് ചെന്നൈയിന് നിലനില്‍പ്പിന്റെ പോരാട്ടം; മറുവശത്ത് ഗോവ
17 കളിയില്‍ 17 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ചെന്നൈയിന്‍. ഇന്ന് ജയിച്ചാലേ ചെന്നൈയിന് നേരിയ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ഇന്ന് നിലനില്‍പ്പിന്റെ പോരാട്ടം. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇറങ്ങുന്ന മുന്‍ ചാംപ്യന്മാര്‍ വൈകിട്ട് ഏഴരയ്ക്ക് എഫ് സി ഗോവയെ നേരിടും. 17 കളിയില്‍ 17 പോയിന്റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ് ചെന്നൈയിന്‍. ഇന്ന് ജയിച്ചാലേ ചെന്നൈയിന് നേരിയ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ.
16 കളിയില്‍ 23 പോയിന്റുള്ള ഗോവ ലീഗില്‍ നാലാം സ്ഥാനത്താണ്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗോവയ്ക്കും ജയം അനിവാര്യമാണ്. സീസണിലെ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയിന്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഗോവയെ തോല്‍പിച്ചിരുന്നു. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാന്‍ കൂടിയാണ് ഗോവ ഇറങ്ങുന്നത്.
അതേസമയം, ഇന്നലെ നടന്ന ഹൈദരാബാദ്- ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ഇഞ്ചുറി ടൈമില്‍ അഡ്രിയന്‍ സന്റാന നേടിയ ഗോളാണ് ഹൈദരാബാദിനെ രക്ഷിച്ചത്. തൊണ്ണൂറ്റി രണ്ടാം മിനിറ്റിലായിരുന്നു സന്റാനയുടെ സമനില ഗോള്‍. അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ ബ്രൈറ്റിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്.
കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് മുഹമ്മദ് യാസിര്‍ ചുവപ്പ് കാര്‍ഡ് കണ്ടത് ഹൈദരാബാദിന് തിരിച്ചടിയായി. 17 കളിയില്‍ 24 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്തും.