ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാലാം ജയം ലക്ഷ്യമിട്ട് എടികെ മോഹന്‍ ബഗാന്‍ ഇന്ന് ജംഷഡ്പൂരിനെതിരെ
ഇതുവരെ കളിച്ച മൂന്നിലും ജയം നേടിയ ടീമാണ് എടികെ. മൂന്നില്‍ ഒന്നില്‍ പോലും ജംഷഡ്പൂരിന് ജയിക്കാനായിട്ടില്ല. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് അവര്‍ക്കുള്ളത്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ നാലാം ജയത്തിനായി എടികെ മോഹന്‍ ബഗാന്‍ ഇന്നിറങ്ങും. ജംഷഡ്പൂര്‍ എഫ് സിയാണ് എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം. ഇതുവരെ കളിച്ച മൂന്നിലും ജയം നേടിയ ടീമാണ് എടികെ. മൂന്നില്‍ ഒന്നില്‍ പോലും ജംഷഡ്പൂരിന് ജയിക്കാനായിട്ടില്ല. രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് അവര്‍ക്കുള്ളത്.
പന്ത് എതിരാളി കൈവശം വച്ചാലും പ്രശ്‌നമില്ല, അവസാന കാല്‍മണിക്കൂറില്‍ ഗോളടിച്ച് കളി പിടിക്കാമെന്നുള്ളതാണ് കൊല്‍ക്കത്തയുടെ ആത്മവിശ്വാസം. ലീഗില്‍ 100 ശതമാനം വിജയറെക്കോര്‍ഡുള്ള ഏക ടീമായി നില്‍ക്കുന്നതിന് പ്രധാന കാരണം കൃത്യമായ സമയത്ത് കൃത്യസ്ഥലത്തെത്തുന്ന റോയ് കൃഷ്ണ തന്നെ. കൊല്‍ക്കത്ത നേടിയ നാല് ഗോളില്‍ മൂന്നും നേടിയതും റോയ് കൃഷ്ണയാണ്. സീസണില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമും അന്റോണിയോ ഹബാസിന്റെ കീഴില്‍ ചാംപ്യന്മാര്‍ തന്നെ.
ഹൈദരാബാദിനെതിരെ റഫറിയുടെ പിഴവില്‍ ജയം കൈവിട്ടതിന്റെ നിരാശ മാറിയിട്ടില്ല ജംഷഡ്പൂര്‍ ക്യാംപില്‍ ഉരുക്ക് നഗരത്തില്‍ നിന്നുള്ള ക്ലബ്ബിന്റെ പ്രതിരോധത്തില്‍ വിള്ളലുകള്‍ കണ്ടെത്തുക എളുപ്പം. കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് വാല്‍സ്‌കിസാണ് കോച്ച് ഓവന്‍ കോയിലിന്റെ കുന്തമുന.