ISL 2021-22 : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗ്ലാമര്‍ പോര്; എടികെ മോഹന്‍ ബഗാന്‍ ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ
ഇന്ന് ജയിക്കുന്നവര്‍ മുംബൈ സിറ്റിയെ മറികടന്ന് ലീഗില്‍ ഒന്നാം സ്ഥനത്തെത്തും. 15 പോയിന്റുളള ഹൈദരാബാദ് രണ്ടും 14 പോയിന്റുള്ള എടികെ നാലും സ്ഥാനങ്ങളിലാണ്. മുംബൈയ്ക്ക് 16 പോയിന്റാണുള്ളത്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) എടികെ മോഹന്‍ ബഗാന്‍ (ATK Mohun Bagan) ഇന്ന് ഹൈദരാബാദ് എഫ്‌സിയെ (Hyderabad FC) നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഇന്ന് ജയിക്കുന്നവര്‍ മുംബൈ സിറ്റിയെ മറികടന്ന് ലീഗില്‍ ഒന്നാം സ്ഥനത്തെത്തും. 15 പോയിന്റുളള ഹൈദരാബാദ് രണ്ടും 14 പോയിന്റുള്ള എടികെ നാലും സ്ഥാനങ്ങളിലാണ്. മുംബൈയ്ക്ക് 16 പോയിന്റാണുള്ളത്.
ജുവാന്‍ ഫെറാന്‍ഡോ എടികെ പരിശീലകനായി എത്തിയ ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീം ജയിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ എഫ്‌സി ഗോവയെയാണ് എടികെ തോല്‍പ്പിച്ചത്. ഫെറാന്‍ഡോയ്ക്ക് കീഴില്‍ ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനേയും തോല്‍പ്പിച്ചിരുന്നു. ഹാട്രിക് ജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് എടികെ.
മറുവശത്ത് ഹൈദരാബാദും വിജയവഴിയിയാണ്. ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് ടീം തോല്‍വി അറിഞ്ഞത്. കഴിഞ്ഞ അഞ്ച് മത്സരത്തില്‍ ടീം തോറ്റിട്ടില്ല. അവസാന മത്സരത്തില്‍ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ ആറ് ഗോളിന് തകര്‍ത്ത ആത്മവിശ്വാസം അവര്‍ക്ക് കൂട്ടുണ്ട്. ആ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ബഗാന് കാര്യങ്ങള്‍ എളുപ്പമാവില്ല.
അതേ സമയം ബംഗാളില്‍ നിന്നുള്ള മറ്റൊരു ടീമായ ഈസ്റ്റ് ബംഗാള്‍ ആദ്യ ജയത്തിനായി ഇനിയും കാത്തിരിക്കണം. ഇന്നലെ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരവും സമനിലയില്‍ പിരിഞ്ഞു. ഇരുവരും ഓരോ ഗോള്‍ വീതം നേടി. ഒമ്പത് മത്സരങ്ങളില്‍ അഞ്ച് പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ലീഗില്‍ അവസാന സ്ഥാനത്താണ്. പത്ത് പോയിന്റുള്ള ബെംഗളൂരു എട്ടാമതും.