എതിര്‍ താരത്തെ കടിച്ചു; എഫ് സി ഗോവ നായകന്‍ എഡു ബെഡിയക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫെഡറേഷന്‍
മത്സരത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ പന്തിനായി ഉയര്‍ന്നു ചാടി കൂട്ടിയിടിച്ച് ചെന്നൈയിന്‍ താരം ദീപക് ടാങ്ക്രിയ്ക്ക് മുകളില്‍ വീണപ്പോള്‍ ബെഡിയ ടാങ്ക്രിയെ കടിച്ചുവെന്നാണ് ആരോപണം.
മഡ്ഗാവ്: ഐഎസ്എല്‍ മത്സരത്തിനിടെ എതിര്‍ താരത്തെ കടിച്ചുവെന്ന ആരോപണത്തില്‍ എഫ്‌സി ഗോവ നായകന്‍ എഡു ബെഡിയക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍. ഇതിന് മുന്നോടിയായി സ്പാനിഷ് താരമായ ബെഡിയക്ക് ഫെഡറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
ഐഎസ്എല്ലില്‍ കഴിഞ്ഞ ആഴ്ച നടന്ന എഫ്‌സി ഗോവ-ചെന്നൈയിന്‍ എഫ്‌സി മത്സരത്തിനിടെയായിരുന്നു സംഭവം. ആവേശകരമായ മത്സരം 3-3 സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ പന്തിനായി ഉയര്‍ന്നു ചാടി കൂട്ടിയിടിച്ച് ചെന്നൈയിന്‍ താരം ദീപക് ടാങ്ക്രിയ്ക്ക് മുകളില്‍ വീണപ്പോള്‍ ബെഡിയ ടാങ്ക്രിയെ കടിച്ചുവെന്നാണ് ആരോപണം.
ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഫെഡറേഷന്‍ പരിശോധിച്ചിരുന്നു. സംഭവത്തില്‍ ബെഡിയക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുകയും ഒഡിഷക്കെതിരെ നടന്ന അടുത്ത മത്സരത്തില്‍ ബെഡിയയെ ടീം പുറത്തിരുത്തുകയും ചെയ്തിരുന്നു.
സ്പാനിഷ് മാധ്യമങ്ങള്‍ പോലും ബെഡിയ എതിര്‍ താരത്തെ കടിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഫെഡറേഷന്‍ അച്ചടക്ക നടപടിക്ക മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസ് ബെഡിയക്ക് അയച്ചത്. നാളെക്ക് മുമ്പ് മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ഫെഡറേഷന്‍ ബെഡിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്.