സഞ്ജുവിനെയും ഗില്ലിനെയും പിന്നിലാക്കി അപൂര്‍വ റെക്കോര്‍ഡുമായി യശസ്വി ജയ്‌സ്വാള്‍
പൃഥ്വി ഷാ(21 വയസും 169 ദിവസവും), രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍(21 വയസും 183 ദിവസവും), ശുഭ്മാന്‍ ഗില്‍(21 ദിവസവും 222 ദിവസവും) എന്നിവരെയാണ് ഇന്നലെ 1000 റണ്‍സ് തികച്ചതിലൂടെ യശസ്വി പിന്നിലാക്കിയത്.
ജയ്പൂര്‍: ഐപിഎല്ലില്‍ ഈ സീസണിലെ റണ്‍വേട്ടയില്‍ സാക്ഷാല്‍ ജോസ് ബട്‌ലറെയും ക്യാപ്റ്റന്‍ സഞ്ജു സാംസണെയുമെല്ലാം പിന്നിലാക്കി കുതിക്കുന്ന താരമാണ് രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ തുടക്കമിട്ട യശസ്വി 18 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായെങ്കിലും ഐപിഎല്ലിലെ അപൂര്‍വ നേട്ടവും സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്.
ഇന്നലെ 30 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ യശസ്വി ഐപിഎല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി. 34 ഇന്നിംഗ്സില്‍ നിന്നാണ് യശസ്വി ഐപിഎല്ലില്‍ 1000 റണ്‍സ് തികച്ചത്. ഐപിഎല്ലില്‍ 1000 റണ്‍സ് തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബാറ്ററാണ് 21 വയസും 130 ദിവസവും പ്രായമുള്ള യശസ്വി. 20 ദിവസവും 218 ദിവസവും പ്രായമുള്ളപ്പോള്‍ ഐപിഎല്ലില്‍ 1000 റണ്‍സ് തികച്ച റിഷഭ് പന്ത് മാത്രമാണ് ഈ നേട്ടത്തില്‍ യശസ്വിക്ക് മുന്നിലുള്ളത്.
പൃഥ്വി ഷാ(21 വയസും 169 ദിവസവും), രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍(21 വയസും 183 ദിവസവും), ശുഭ്മാന്‍ ഗില്‍(21 ദിവസവും 222 ദിവസവും) എന്നിവരെയാണ് ഇന്നലെ 1000 റണ്‍സ് തികച്ചതിലൂടെ യശസ്വി പിന്നിലാക്കിയത്. 2020ല്‍ ഐപിഎല്ലില്‍ അരങ്ങേറിയതുമുതല്‍ രാജസ്ഥാന്‍ റോയല്‍സിനായാണ് യശസ്വി കളിക്കുന്നത്. 2020ലെ അണ്ടര്‍ 19 ലോകകപ്പിന്‍റെ ഫൈനലിലെത്തിയ ഇന്ത്യന്‍ ടീം അംഗമായിരുന്ന യശസ്വി 400 റണ്‍സുമായി ടൂര്‍ണമെന്‍റിലെ താരമായതോടെയാണ് ഐപിഎല്ലില്‍ എത്തുന്നത്.
ഈ സീസണില്‍ 11 ഇന്നിംഗ്സില്‍ ഒരു സെഞ്ചുറി അടക്കം 477 റണ്‍സ് അടിച്ചു കൂട്ടിയാണ് ജയ്സ്വാള്‍ രാജസ്ഥാനു വേണ്ടിയുള്ള റണ്‍വേട്ടയില്‍ ഒന്നാമതെത്തിയത്. സീസണിലെ റണ്‍വേട്ടയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലെസിക്ക്(511) പിന്നില്‍ രണ്ടാം സ്ഥാനത്താണ് ജയ്‌സ്വാള്‍.