ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ടീം ഇന്ത്യക്ക് പരിക്ക്, ഫിറ്റ്‌നസ് ആശങ്കകള്‍, രണ്ട് പേര്‍ സംശയത്തില്‍

അപകടത്തിന് ശേഷം ചികില്‍സയിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പകരവെക്കാന്‍ പാങ്ങുള്ള താരത്തിന്‍റെ അഭാവവും ടീമിനുണ്ട്

WTC Final 2023 KL Rahul Jaydev Unadkat Injuries big worry for Team India ahead final against Australia jje

ലഖ്‌നൗ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ടീം ഇന്ത്യക്ക് പരിക്കിന്‍റെ ആശങ്കകള്‍. പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ടിന് പിന്നാലെ കെ എല്‍ രാഹുലിനും പരിക്കേറ്റതാണ് ആശങ്ക സൃഷ്‌ടിക്കുന്നത്. ഞായറാഴ്‌ച നെറ്റ്‌സിനിടെ പരിക്കേറ്റ ഉനദ്‌കട്ട് പ്രാക്‌ടീസ് പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു. ഇതോടെയാണ് ഓവലില്‍ ജൂണ്‍ ഏഴിന് ആരംഭിക്കുന്ന കലാശപ്പോരിന് ഉനദ്‌കട്ട് സ്‌ക്വാഡിലുണ്ടാകുമോ എന്ന അവ്യക്തതയുണ്ടായത്. ജസ്‌പ്രീത് ബുമ്ര സ്‌ക്വാഡിലില്ലാത്തതിനാല്‍ ഇനിയൊരു പേസര്‍ക്ക് കൂടി പരിക്കേല്‍ക്കുന്നത് ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. ഐപിഎല്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഷര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ് എന്നിവരുടെ ഫിറ്റ്‌നസ് പൂര്‍ണമാണോ എന്നു ഉറപ്പുമില്ല നിലവില്‍. 

കെ എല്‍ രാഹുലിന് പരിക്കേറ്റത് ടീം ഇന്ത്യയുടെ ബാറ്റിംഗ് കരുത്തിനെയാണ് ആശങ്കലാഴ്‌ത്തുന്നത്. മധ്യനിര താരം ശ്രേയസ് അയ്യര്‍ പരിക്കേറ്റ് നേരത്തെ പുറത്തായിരുന്നു. അപകടത്തിന് ശേഷം ചികില്‍സയിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പകരവെക്കാന്‍ പാങ്ങുള്ള താരത്തിന്‍റെ അഭാവവും ടീമിനുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ കാലിന് പരിക്കേറ്റ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ മുടന്തി മൈതാനം വിടുകയായിരുന്നു. ബാറ്റിംഗില്‍ അവസാനക്കാരനായി ക്രീസിലെത്തിയെങ്കിലും കാലുറപ്പിച്ച് നിന്ന് കളിക്കാന്‍ രാഹുല്‍ പാടുപെടുന്നതാണ് മൈതാനത്ത് കണ്ടത്. രാഹുലിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നഷ്‌ടമായാല്‍ ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം അജിങ്ക്യ രഹാനെയ്‌ക്ക് ടെസ്റ്റ് ഇലവനിലേക്ക് അവസരമൊരുങ്ങും. നേരത്തെ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ രഹാനെയുടെ പേരുമുണ്ടായിരുന്നു. 

നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും എന്നിരിക്കേ ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിങ്ങനെയായിരിക്കും ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പ് വരാന്‍ സാധ്യത. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌കട്ട്. 

Read more: ഐപിഎല്ലില്‍ വീണ്ടുമൊരു പറവ; ഇത്തവണ പറന്നത് കൃഷ്‌ണപ്പ ഗൗതം- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios