കോടികള്‍ പിഴ കിട്ടിയെങ്കിലും കോലിക്കും ഗംഭീറിനുമൊന്നും കീശയില്‍ നിന്ന് കാശുപോവില്ല; കാരണം ഇതാണ്
പാര്‍ലമെന്‍റ് അംഗം കൂടിയായ ലഖ്നൗ മെന്‍റര്‍ ഗൗതം ഗംഭീറിന്‍റെ പ്രതിഫലം എത്രയാണെന്ന് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത് ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കക്കും ഗംഭീറിനും മാത്രം അറിവുള്ള കാര്യമാണ്. എങ്കിലും 25 ലക്ഷം രൂപയാകും ഗംഭീര്‍ ഒടുക്കേണ്ടി വരിക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബെംഗലൂരു: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ വിരാട് കോലിക്കും ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖിനും ലഖ്നൗ മെന്‍ററായ ഗൗതം ഗംഭീറിനും ബിസിസിഐ മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയിരുന്നു. ഐപിഎല്‍ ചട്ടം ലംഘിച്ചതിന്‍റെ പേരില്‍ സീസണിലെ പ്രതിഫലം അനുസരിച്ച് കോലിക്ക് 1.07 കോടി രൂപയും ഗംഭീറിന് 25 ലക്ഷവും നവീന് 1.8 ലക്ഷവു പിഴയായി ഒടുക്കേണ്ടിവരുമെന്നായിരുന്നു വാര്‍ത്തകള്‍.
വന്‍ തുക പിഴ ചുമത്തിയെങ്കിലും ഈ പിഴത്തുക ആരാണ് നല്‍കുക എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാം. ആര്‍സിബിയില്‍ ഒരു സീസണിലേക്കുള്ള കോലിയുടെ പ്രതിഫലം 15 കോടി രൂപയാണ്. ഇത് 14 മത്സരങ്ങളുള്ള ഒരു സീസണിലേക്കാണ് നല്‍കുന്നത്. പ്ലേ ഓഫ് മത്സരങ്ങള്‍ ഇതില്‍ കണക്കിലെടുത്തിട്ടില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ മത്സരത്തിനും ഒരു കോടി രൂപക്ക് മുകളില്‍ കോലിക്ക് പ്രതിഫലമായി നല്‍കുന്നുവെന്നാണ് കണക്കാക്കുന്നത്.
ഇതിനാലാണ് കോലി ഒരു കോടി രൂപക്ക് മുകളില്‍ പിഴയായി നല്‍കേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പാര്‍ലമെന്‍റ് അംഗം കൂടിയായ ലഖ്നൗ മെന്‍റര്‍ ഗൗതം ഗംഭീറിന്‍റെ പ്രതിഫലം എത്രയാണെന്ന് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇത് ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കക്കും ഗംഭീറിനും മാത്രം അറിവുള്ള കാര്യമാണ്. എങ്കിലും 25 ലക്ഷം രൂപയാകും ഗംഭീര്‍ ഒടുക്കേണ്ടി വരിക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നവീന്‍ ഉള്‍ ഹഖിന് 50 ലക്ഷം രൂപയാണ് സീസണിലേക്കുള്ള പ്രതിഫലം. പെരുമാറ്റച്ചട്ട ലംഘനത്തിന് മാച്ച് ഫീയുടെ 50 ശതമാനം ആയിരുന്നു നവീന് പിഴയിട്ടത്. ഇതനുസരിച്ചാണ് 1.8 ലക്ഷം പിഴയായി ഒടുക്കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
മാച്ച് ഫീ എന്നാണ് പറയുന്നതെങ്കിലും എന്നാല്‍ ഈ പിഴത്തുക കളിക്കാരുടെ പ്രതിഫലത്തില്‍ നിന്നല്ല നല്‍കുകയെന്ന് ആര്‍സിബി വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തു. ടീമിനുവേണ്ടിയാണ് ഓരോ കളിക്കാരനും കളിക്കളത്തില്‍ പോരാടുന്നത് എന്നതിനാല്‍ ഈ പിഴത്തുക ഇപ്പോള്‍ ടീമുകളാണ് നല്‍കുന്നതെന്നും കളിക്കാരുടെ പ്രതിഫലത്തില്‍ നിന്ന് ഒന്നും പിടിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടീമുകള്‍ക്ക് അനുസരിച്ച് ചിലപ്പോള്‍ വ്യത്യാസം വരാമെങ്കിലും ഭൂരിഭാഗം ടീമുകളും പിഴത്തുകക്കായി കളിക്കാരുടെ പ്രതിഫലത്തില്‍ കൈയിടാറില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സമാനമായി കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപ്റ്റനും ടീം അംഗങ്ങള്‍ക്കും ചുമത്തുന്ന പിഴയും കളിക്കാരോ ക്യാപ്റ്റനോ അല്ല ടീം മാനേജ്മെന്‍റ് ആണ് നല്‍കുന്നത്. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴ ചുമത്തിയിട്ടും ക്യാപ്റ്റന്‍മാരോ ടീം അംഗങ്ങളോ വീണ്ടും വീണ്ടും തെറ്റ് ആവര്‍ത്തിക്കുന്നതും ഇതുകൊണ്ടാണെന്നും കളിക്കാരുടെ പിഴവുകള്‍ക്ക് അവരെ ഉത്തരവാദികളാക്കണമെന്നും പലപ്പോഴും അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതൊന്നും കളിക്കാരുടെ പ്രതിഫലത്തെ ബാധിക്കാറില്ല.