ചികിത്സക്കായി ബെല്‍ജിയത്തിലേക്ക് പോയെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ തുറന്നടിച്ച് ആര്‍ച്ചര്‍
മുംബൈ ടീം ക്യാമ്പില്‍ നിന്ന് ബെല്‍ജിയത്തിലേക്ക് പോയ ആര്‍ച്ചര്‍ അവിടെ തുടര്‍ ചികിത്സക്ക് വിധേയനായെന്നായിരുന്നു ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ദി ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്.
മുംബൈ: കൈമുട്ടിലേറ്റ പരിക്കിന് തുടര്‍ ചികിത്സക്കായി ഐപിഎല്ലിനിടെ മുംബൈ ക്യാമ്പിൽ നിന്ന് ബെല്‍ജിയത്തിലേക്കുപോയെന്ന റിപ്പോര്‍ട്ടകളോട് രൂക്ഷമായി പ്രതികരിച്ച് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. തന്‍റെ അനുവാദമില്ലാതെയും വസ്തുതകളെക്കുറിച്ച് അറിയാതെയും വാര്‍ത്തകള്‍ കൊടുക്കുന്നതിനെ ഭ്രാന്തെന്ന് പറയാനാവൂ എന്ന് ആര്‍ച്ചര്‍ ട്വിറ്ററില്‍ കുറിച്ചു.
വസ്തുകളെക്കുറിച്ച് അറിയാതെയും എന്‍റെ അനുവാദമില്ലാതെയും ഇത്തരത്തിലൊരു വാര്‍ത്ത കൊടുക്കുന്നത് ശരിക്കും ഭ്രാന്താണ്. ഈ വാര്‍ത്ത കൊടുത്തത് ആരായാലും നാണക്കേടാണ്. പ്രശ്നത്തിലും ആശങ്കയിലുമുള്ള ഒരു കളിക്കാരനെ കൂടുതല്‍ പ്രശ്നത്തിലാക്കി വ്യക്തിഗത നേട്ടത്തിന് ഉപയോഗിക്കുകയാണ് ഈ വാര്‍ത്ത കൊടുത്തയാള്‍ ചെയ്തത്. നിങ്ങളെപ്പോലുള്ള ആളുകളാണ് യഥാര്‍ത്ഥ പ്രശ്നമെന്നും ആര്‍ച്ചര്‍ ട്വീറ്റ് ചെയ്തു.
സെല്‍ഫി എടുത്തു കൊടുക്കുന്നതിനിടെ ആരാധകന്‍റെ ഫോണിലേക്ക് കോള്‍; പിന്നീട് സഞ്ജു ചെയ്തത്-വീഡിയോ
മുംബൈ ടീം ക്യാമ്പില്‍ നിന്ന് ബെല്‍ജിയത്തിലേക്ക് പോയ ആര്‍ച്ചര്‍ അവിടെ തുടര്‍ ചികിത്സക്ക് വിധേയനായെന്നായിരുന്നു ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ദി ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ബെല്‍ജിയത്തിലെത്തി താരം ഡോക്ടറെ കണ്ടതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചിരുന്നു. കൈമുട്ടിലേറ്റ പരിക്കിന് കഴിഞ്ഞ 25 മാസത്തിനിടെ താരം നാലോളം ശസ്ത്രക്രിയകള്‍ക്കാണ് ആര്‍ച്ചര്‍ വിധേയനായത്.
കൈമുട്ടിന് പരിക്കേറ്റ ജോഫ്ര ആർച്ചര്‍ ഒരു വർഷത്തിലേറെയായി കളത്തിന് പുറത്തായിരുന്നു. ഇതിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ പഴയ മൂര്‍ച്ച പുറത്തെടുക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍, വീണ്ടും താരത്തെ പരിക്ക് വലയ്ക്കുകയാണ്. സീസണില്‍ രണ്ട് കളികളില്‍ മാത്രമാണ് ആര്‍ച്ചര്‍ മുംബൈക്കായി പന്തെറിഞ്ഞത്. ആര്‍സിബിക്കെതിരെയുള്ള മത്സരത്തിന് ശേഷം തുടര്‍ച്ചയായ നാല് കളികളില്‍ ആര്‍ച്ചര്‍ മുംബൈ ടീമിലുണ്ടായിരുന്നില്ല. ശനിയാഴ്ച പഞ്ചാബിനെതിരെ താരം നാല് ഓവര്‍ എറിഞ്ഞെങ്കിലും പഴയ ശൗര്യം പുറത്തെടുക്കാനും സാധിച്ചില്ല. ഒരു സീസണ്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടും മെഗാ ലേലത്തില്‍ ഒരുപാട് പ്രതീക്ഷകളോടെയാണ് ആര്‍ച്ചറെ എട്ട് കോടി രൂപ മുടക്കി മുംബൈ ടീമില്‍ എത്തിച്ചത്.