എന്ത് വിധിയിത്, വല്ലാത്ത ചതിയിത്! ഈ കണക്കുകള്‍ രാഹുലിനെ നാണിപ്പിക്കും, ഡക്കയാല്‍ ടീമിന് അത്രയും ആശ്വാസം
പഞ്ചാബിനെതിരെ 257 നേടിയപ്പോള്‍ രാഹുല്‍ 12 റണ്‍സാണ് കുറിച്ചത്. ആര്‍സിബിക്കെതിരെ ടീം 213 എടുത്തപ്പോള്‍ രാഹുലിന് 20 പന്തില്‍ 18 മാത്രമാണ് ചേര്‍ക്കാനായത്.
മൊഹാലി: ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന കെ എല്‍ രാഹുലിന് എതിരായ വിമര്‍ശനങ്ങള്‍ കടുക്കുന്നു. പഞ്ചാബ് കിംഗ്സിനെതിരെ ടീമിലെ മറ്റ് ബാറ്റര്‍മാരെല്ലാം മിന്നിയപ്പോള്‍ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. ഒമ്പത് പന്തില്‍ 12 റണ്‍സുമായാണ് താരം മടങ്ങിയത്. ഇപ്പോള്‍ രാഹുല്‍ ബാറ്റിംഗില്‍ മികവ് കാട്ടിയാല്‍ ടീമിന്‍റെ അവസ്ഥ പരുങ്ങലിലാകും എന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ പരിഹസിക്കുകയാണ്. രാഹുല്‍ 20 റണ്‍സില്‍ താഴെ സ്കോര്‍ ചെയ്ത കളികളില്‍ കൂറ്റൻ സ്കോറുകളാണ് ലഖ്നൗ നേടിയിട്ടുള്ളത്.
പഞ്ചാബിനെതിരെ ടീം 257 നേടിയപ്പോള്‍ രാഹുല്‍ 12 റണ്‍സാണ് കുറിച്ചത്. ആര്‍സിബിക്കെതിരെ ടീം 213 എടുത്തപ്പോള്‍ രാഹുലിന് 20 പന്തില്‍ 18 മാത്രമാണ് ചേര്‍ക്കാനായത്. ചെന്നൈക്കെതിരെ ടീം 205 റണ്‍സെടുത്തു. അപ്പോള്‍ രാഹുല്‍ 18 പന്തില്‍ 20 മാത്രം സ്കോര്‍ ചെയ്തു. ഡല്‍ഹിക്കെതിരെ രാഹുല്‍ 12 പന്തില്‍ എട്ട് എടുത്ത് പുറത്തായപ്പോള്‍ ടീം 193 റണ്‍സാണ് ടീം നേടിയത്. അതേസമയം, പഞ്ചാബിനെതിരെ രാഹുല്‍ 56 പന്തില്‍ 74 റണ്‍സെടുത്ത കളിയില്‍ ടീം സ്കോര്‍ 159 ആണ്.
ഗുജറാത്തിനെതിരെ 61 പന്തില്‍ 68 എടുത്തപ്പോള്‍ 128 മാത്രമായിരുന്നു ടീമിന്‍റെ ടോട്ടല്‍. ഇതോടെ താരം കൂടുതല്‍ റണ്‍സ് കണ്ടെത്തിയാല്‍ ടീമിന് ഭാരമായി മാറുമെന്നാണ് ട്രോളന്മാര്‍ പരിഹസിക്കുന്നത്. അതേസമയം, രാഹുല്‍ നിരാശപ്പെടുത്തിയെങ്കിലും പഞ്ചാബ് കിംഗ്സിനെതിരെ മിന്നുന്ന പ്രകടനമാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പുറത്തെടുത്തത്. ജയന്‍റ്‌സിന്‍റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പതറിയ പഞ്ചാബ് കിംഗ്സിന് 56 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
258 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി അഥർവ തെയ്ദെയും സിക്കന്ദർ റാസയും ലിയാം ലിവിംഗ്സ്റ്റണും സാം കറനും ജിതേഷ് ശർമ്മയും പൊരുതിയെങ്കിലും ഇന്നിംഗ്സ് തീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 201ല്‍ എല്ലാവരും പുറത്തായി. പക്ഷേ, പഞ്ചാബ് കിംഗ്സിനെ പഞ്ചറാക്കി കൂറ്റന്‍ ജയം നേടിയെങ്കിലും പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് സാധിച്ചില്ല. പഞ്ചാബ് കിംഗ്സിനെതിരെ 56 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയെങ്കിലും ലഖ്നൗ പോയന്‍റ് പട്ടികയിയില്‍ രാജസ്ഥാന്‍ റോയല്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.