വ്യക്തിഗത നേട്ടങ്ങള്‍ക്കല്ല ടീമിനു വേണ്ടിയാണ് കളിക്കേണ്ടത്, ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി സഞ്ജു-വീഡിയോ
കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗവിനെതിരെയും ഇപ്പോള്‍ ബംഗ്ലൂരിനെതിരെയും ജയിക്കാമായിരുന്ന കളിയാണ് രാജസ്ഥാന് കൈവിട്ടത്. തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും വിനയാനിത്വരായിരിക്കുക എന്നതാണ് നമ്മുടെ ടീമിന്റെ പ്രത്യേകത. അത് നല്ല പ്രകടനം നടത്തുമ്പോഴും മോശം പ്രകടനം നടത്തുമ്പോഴും അങ്ങനെ തന്നെയാണ്.
ബാംഗ്ലൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഏഴ് റണ്‍സിന്റെ തോല്‍വി വഴങ്ങിയ രാജസ്ഥാന് റോയല്‍സ് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം കൈവിട്ടതിന് പിന്നാലെ ടീം അംഗങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്. മത്സരത്തില്‍ ജോസ് ബട്ലറെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് തകര്‍ത്തടിച്ച് രാജസ്ഥാന് നല്ല തുടക്കം സമ്മാനിച്ചിരുന്നു.
എന്നാല്‍ ഇരുവരും അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും ദേവ്ദത്ത് പുറത്തായശേഷം അര്‍ധസെഞ്ചുറിയോട് അടുക്കവെ മധ്യ ഓവറുകളില്‍ യശസ്വി ജയ്സ്വാളിന്റെ മെല്ലെപ്പോക്ക് രാജസ്ഥാന് റണ്‍റേറ്റിനെ ബാധിച്ചു. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വമ്പനടിക്ക് ശ്രമിച്ച് പുറത്താവുകയും ചെയ്തു. പിന്നീട് ഫിനിഷറായി ഇറങ്ങിയ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ താളം കണ്ടെത്താന്‍ പാടുപെടുകയും ഒമ്പത് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്താകുകയും ചെയ്തതും രാജസ്ഥാന്റെ ജയസാധ്യത ഇല്ലാതാക്കി. ക്യാപ്റ്റന്‍ സഞ്ജു സാംസണാകട്ടെ ഉയരുന്ന റണ്‍ റേറ്റിന്റെ സമ്മര്‍ദ്ദത്തില്‍ പുറത്തായി. ഇതിന് പിന്നാലെയാണ് ടീം അംഗങ്ങള്‍ക്ക് സഞ്ജു മുന്നറിയിപ്പ് നല്‍കിയത്.
കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗവിനെതിരെയും ഇപ്പോള്‍ ബംഗ്ലൂരിനെതിരെയും ജയിക്കാമായിരുന്ന കളിയാണ് രാജസ്ഥാന് കൈവിട്ടത്. തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും വിനയാനിത്വരായിരിക്കുക എന്നതാണ് നമ്മുടെ ടീമിന്റെ പ്രത്യേകത. അത് നല്ല പ്രകടനം നടത്തുമ്പോഴും മോശം പ്രകടനം നടത്തുമ്പോഴും അങ്ങനെ തന്നെയാണ്. നമ്മള് സ്വയം വിശ്വസിച്ചും പരസ്പരം വിശ്വസിച്ചുമാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ തോല്‍വിയില്‍ ആര്‍ക്കുനേരെയും വിരല്‍ ചൂണ്ടാനില്ല.
അതാണ് ഈ ടീമിനകത്ത് നമ്മള് തുടരുന്ന നിയമം. ആരും അവരവരുടെ സ്ഥാനം സുരക്ഷിതമാക്കാനല്ല കളിക്കുന്നത് എന്ന് ഞാന്‍ വിശ്വിസിക്കുന്നു. ഓരോ തവണയും നമ്മള് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ടീമിനുവേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, നമ്മളാരും വ്യക്തിഗത നേട്ടത്തിനല്ല, ടീമിനുവേണ്ടിയാണ് കളിക്കേണ്ടത്-സഞ്ജു പറഞ്ഞു.
മത്സരത്തിലെ 11 മുതല്‍ 15 വരെയുള്ള ഓവറുകളില്‍ രാജസ്ഥാന് ഒറ്റ ബൗണ്ടറി പോലും നേടാനായിരുന്നില്ല. ആര്‍സിബി ബൗളര്‍മാര്‍ റണ്ണൊഴുക്ക് തടഞ്ഞതോടെ സമ്മര്‍ദ്ദത്തിലായ പടിക്കലും പിന്നീട് ജയ്സ്വാളും വമ്പനടിക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. ധ്രുവ് ജുറെല്‍ വാലറ്റത്ത് അശ്വിനെ കൂട്ടുപിടിച്ച് പൊരുതിയെങ്കിലും ഏഴ് റണ്‍സ് അകലെ രാജസ്ഥാന് വീണു. ഐപിഎല്ലില്‍ എട്ട് പോയന്റുള്ള രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.