ടൂര്‍ണമെന്റിലെ ക്യാച്ചാകുമായിരുന്നു അത്! പക്ഷേ, ബിഷ്‌ണോയ്..! അവിശ്വസനീയമായ ശ്രമം- വീഡിയോ
മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖാണ് ലഖ്‌നൗ ബൗളര്‍മാരില്‍ തിളങ്ങിയത്. രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റെടുത്തു. ബിഷ്‌ണോയിയുടെ ബൗളിംഗ് പ്രകടനത്തേക്കാള്‍ ചര്‍ച്ചയായത് ഫീല്‍ഡിംഗിനിടെ ക്യാച്ചെടുക്കാനുള്ള ഒരു ശ്രമമായിരുന്നു.
മൊഹാലി: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ് 56 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ 258 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ മത്സരം തീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 201ല്‍ എല്ലാവരും പുറത്തായി. യാഷ് താക്കൂര്‍ നാലും നവീന്‍ ഉള്‍ ഹഖ് മൂന്നും രവി ബിഷ്‌ണോയി രണ്ടും മാര്‍ക്കസ് സ്റ്റോയിനിസ് ഒന്നും വിക്കറ്റും വീഴ്ത്തി.
നേരത്തെ, മാര്‍കസ് സ്‌റ്റോയിനിസ് (72), കെയ്ന്‍ മയേഴ്‌സ് (54), നിക്കോളാസ് പുരാന്‍ (45), ആയുഷ് ബദോനി (43) എന്നിവരാണ് ലഖ്‌നൗവിന് മികച്ച പ്രകനടം പുറത്തെടുത്തിരുന്നത്. മറുപടി ബാറ്റിംഗില്‍ അഥര്‍വ തൈഡെ (66), സിക്കന്ദര്‍ റാസ (36) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയപ്പിക്കാനായില്ല.
മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖാണ് ലഖ്‌നൗ ബൗളര്‍മാരില്‍ തിളങ്ങിയത്. രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റെടുത്തു. ബിഷ്‌ണോയിയുടെ ബൗളിംഗ് പ്രകടനത്തേക്കാള്‍ ചര്‍ച്ചയായത് ഫീല്‍ഡിംഗിനിടെ ക്യാച്ചെടുക്കാനുള്ള ഒരു ശ്രമമായിരുന്നു. ആവേഷ് ഖാന്‍ എറിഞ്ഞ 15-ാം ഓവറിലെ അഞ്ചാം പന്തില്‍ ലിവിംഗ്സ്റ്റണിന്റെ ക്യാച്ചെടുക്കാനാണ് ബിഷ്‌ണോയ് ശ്രമിച്ചത്. പോയിന്റില്‍ ബിഷ്‌ണോയിയുടെ ഒരു മുഴുനീളെ ഡൈവിംഗിനിടെ പന്ത് കയ്യിലൊതുക്കാനായില്ല. പിടിച്ചിരുന്നെങ്കില്‍ ടൂര്‍ണമെന്റിന്റെ ക്യാച്ചാകുമായിരുന്നു അത്. വീഡിയോ കാണാം...
മറുപടി ബാറ്റിംഗില്‍ പഞ്ചാബ് കിംഗ്സിന് തുടക്കം പാളി. ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍(2 പന്തില്‍ 1) സ്റ്റോയിനിസിന്റെ പന്തില്‍ ക്രുനാല്‍ പാണ്ഡ്യയുടെ കൈകളിലെത്തി. പിന്നാലെ മറ്റൊരു ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗിനെ(13 പന്തില്‍ 9) നവീന്‍ ഉള്‍ ഹഖ് പുറത്താക്കി. സിക്കന്ദര്‍ റാസയ്ക്കൊപ്പം ക്രീസില്‍ ഒന്നിച്ച അഥര്‍വ തൈഡെ തകര്‍ത്തടിച്ചതോടെ പഞ്ചാബ് പവര്‍പ്ലേയില്‍ 55-2 എന്ന സ്‌കോറിലേക്ക് ഉയര്‍ന്നു. സിക്കന്ദര്‍ റാസ 22 പന്തില്‍ 36 ഉം അഥര്‍വ തൈഡെ 36 പന്തില്‍ 66 ഉം റണ്‍സെടുത്ത് പുറത്താവുമ്പോള്‍ പഞ്ചാബിന്റെ സ്‌കോര്‍ 13 ഓവറില്‍ 127. പിന്നാലെ ലിയാം ലിവിംഗ്സ്റ്റണും സാം കറനും ചേര്‍ന്ന് 15 ഓവറില്‍ 150 കടത്തി.
എന്നാല്‍ രവി ബിഷ്‌ണോയിയുടെ തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ ലിവിംഗ്സ്റ്റണ്‍(14 പന്തില്‍ 23) എല്‍ബിയായി മടങ്ങി. ജിതേഷ് ശര്‍മ്മ നേരിട്ട ആദ്യ പന്തില്‍ സിക്‌സ് നേടി തുടങ്ങിയെങ്കിലും 17-ാം ഓവറിലെ അവസാന പന്തില്‍ നവീന്‍-ഉള്‍ ഹഖ്, സാം കറനെ(11 പന്തില്‍ 21) മടക്കി. 10 പന്തില്‍ 24 എടുത്ത് നില്‍ക്കേ ജിതേഷിനെ യാഷ് താക്കൂര്‍ പറഞ്ഞയച്ചു. അവസാന പന്തില്‍ രാഹുല്‍ ചഹാര്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. നവീന്റെ 19-ാം ഓവറില്‍ കാഗിസോ റബാഡയുടെ സ്റ്റംപ് നേരിട്ട ആദ്യ പന്തില്‍ തെറിച്ചപ്പോള്‍ അവസാന ഓവറില്‍ ഒരു വിക്കറ്റ് കയ്യിലിരിക്കേ പഞ്ചാബിന് 59 റണ്‍സ് വേണമെന്നായി. ടീം സ്‌കോര്‍ 201ല്‍ എത്തിച്ച് ഷാരൂഖ് ഖാനും(6) മടങ്ങി. അര്‍ഷ്ദീപ് സിംഗ്(2*) പുറത്താവാതെ നിന്നു.