തോല്‍വി മറക്കാം! ജോസ് ബട്‌ലറുടെ മകളുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി രാജസ്ഥാന്‍ റോയല്‍സ്- വീഡിയോ
ഞായറാഴ്ച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. തോല്‍വിക്കിടയിലും രാജസ്ഥാന്‍ കുടുംബം ജോസ് ബട്‌ലറുടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മറന്നില്ല.
മൊഹാലി: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബടലര്‍ക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായിരുന്നു. 40 പന്തില്‍ 41 റണ്‍സാണ് ബട്ല്‍ നേടിയത്. എന്നാല്‍ ലഖ്‌നൗ ഉയര്‍ത്തിയ 155 രണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ രാജസ്ഥാനായില്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനാണ് രാജസ്ഥാന് സാധിച്ചത്. ലഖ്‌നൗവിന് 10 റണ്‍സ് വിജയം.
ഞായറാഴ്ച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. തോല്‍വിക്കിടയിലും രാജസ്ഥാന്‍ കുടുംബം ജോസ് ബട്‌ലറുടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മറന്നില്ല. വീഡിയോ അവര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. വീഡിയോ കാണാം...
നേരത്തെ, യശസ്വി ജയ്സ്വാളും ജോസ് ബട്‌ലറും നല്‍കിയ മികച്ച തുടക്കത്തിന് ശേഷം നായകന്‍ സഞ്ജു സാംസണും വെടിക്കെട്ട് വീരന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറും ബാറ്റിംഗ് പരാജയമായപ്പോള്‍ റിയാന്‍ പരാഗിനും ദേവ്ദത്ത് പടിക്കലിനും മത്സരം ഫിനിഷ് ചെയ്യാനായില്ല. അനായാസ തുടക്കമാണ് യശസ്വി ജയ്സ്വാളും ജോസ് ബട്ലറും രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയത്. യശസ്വി ആക്രമണം ഏറ്റെടുത്തതോടെ പതിയെയായിരുന്നു ബട്ലറുടെ തുടക്കം.
12-ാം ഓവറിലെ മൂന്നാം പന്ത് വരെ 87 റണ്‍സ് നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവര്‍ക്കും നിലനിര്‍ത്താനായി. 35 പന്തില്‍ നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പടെ 44 റണ്‍സ് നേടിയ ജയ്സ്വാളിനെ മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താക്കിയാണ് ബ്രേക്ക് ത്രൂ നേടിയത്. തൊട്ടടുത്ത ഓവറില്‍ ബട്‌ലറുമായുള്ള ആശയക്കുഴപ്പത്തില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ സഞ്ജു സാംസണെ നിക്കോളാസ് പുരാനും അമിത് മിശ്രയും ചേര്‍ന്ന് റണ്ണൗട്ടാക്കി.
കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു ഇതോടെ നാല് പന്തില്‍ 2 റണ്ണുമായി മടങ്ങി. അടുത്ത ഓവറില്‍ ജോസ് ബട്ലര്‍ക്കും മടക്ക ടിക്കറ്റ് കിട്ടി. 41 പന്തില്‍ 40 നേടിയ ബട്ലറെ മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്ണോയിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കല്‍ നാലാമനായി ക്രീസിലെത്തിയപ്പോള്‍ അഞ്ചാമനും കഴിഞ്ഞ മത്സരങ്ങളിലെ വെടിക്കെട്ട് വീരനുമായ ഷിമ്രോന്‍ ഹെറ്റ്മെയര്‍ക്ക് പിഴച്ചു. 5 പന്തില്‍ 2 മാത്രം നേടിയ താരത്തെ ആവേശ് ഖാനാണ് പുറത്താക്കിയത്. ഇതിന് ശേഷം പടിക്കലും ജൂരെലും തുടരെ വിക്കറ്റുകള്‍ നഷ്ടമാക്കിയതോടെ രാജസ്ഥാന്‍ 10 റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു.