മുഹമ്മദ് സിറാജാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കമിട്ടത്! തെളിവുകള്‍ നിരത്തി ആരാധകരുടെ വാദം- വീഡിയോ
കോലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്.
ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ മത്സരത്തിലെ എല്ലാ പ്രശ്‌നത്തിന്റേയും കാരണക്കാരന്‍ മുഹമ്മദ് സിറാജോ? മത്സരശേഷമുള്ള സംഭവങ്ങള്‍ ഐപിഎല്ലിന് നാണക്കേടുണ്ടാക്കിയിരുന്നു. ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ലഖ്‌നൗ മെന്റര്‍ ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. പിന്നാലെ ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി.
കോലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. മത്സരത്തിനിടെ നവീനുമായും അമിത് മിശ്രയുമായും കോലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കോലിയും മിശ്രയും മുഖത്തോട് മുഖം നോക്കിയാണ് സംസാരിച്ചത്.
പിന്നീട് അംപയര്‍ ഇടപ്പെട്ടാണ് ഇരുവരേയും മാറ്റിയത്. നവീനുമായും കോലി ഇത്തത്തില്‍ കോര്‍ത്തു. മത്സരശേഷവും കോലിയുടെ കലിയടങ്ങിയില്ല. നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി ചിലത് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെയെല്ലാം തുടക്കം മുഹമ്മദ് സിറാജില്‍ നിന്നാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
സിറാജാണ് നവീനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. 16-ാം ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയ സിറാജ് മടങ്ങുമ്പോള്‍ നവീന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ തന്നെ സ്റ്റംപിലേക്ക് അനാവശ്യമായി പന്തെറിയുകയായിരുന്നു. പിന്നാലെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മടങ്ങി. ഈ പിന്നീട് ആളി കത്തിയതെന്നും വലിയ വഴക്കിലേക്ക് മാറിയതെന്നും ആരാധകരുടെ വാദം. വീഡിയോ കാണാം...
മത്സരം, ആര്‍സിബി 18 റണ്‍സിന് ജയിച്ചിരുന്നു. ഇതോടെ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനും ആര്‍സിബിക്കായി. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. ഫാഫ് ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്‌ണോയ് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. കരണ്‍ ശര്‍മ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുല്‍ അവസാനക്കാരനായിട്ടാണ് ബാറ്റിംഗിനെത്തിയത്.