കിളിയായി ട്രെന്‍റ് ബോള്‍ട്ട്, കിളി പാറി പഞ്ചാബ് കിംഗ്‌സ്; കാണാം വണ്ടര്‍ റിട്ടേണ്‍ ക്യാച്ച്
പഞ്ചാബ് കിംഗ്‌സ് ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ബോള്‍ട്ടിന്‍റെ ഗുഡ് ലെങ്ത് പന്തില്‍ ബാറ്റ് വെച്ച പ്രഭ്‌സിമ്രാന്‍ സിംഗിന് താളം പിഴയ്‌ക്കുകയായിരുന്നു
ധരംശാല: ഐപിഎല്ലിലെ ഏറ്റവും മികച്ച ന്യൂബോള്‍ ബൗളര്‍മാരില്‍ ഒരാളാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്രെന്‍റ് ബോള്‍ട്ട്. അളന്നുമുറിച്ച ലൈനും ലെങ്തും യോര്‍ക്കറുകളും വേരിയേഷനുകളും കൊണ്ട് എതിര്‍ ടീമിനെ ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ വരച്ച വരയില്‍ നിര്‍ത്താന്‍ പ്രത്യേക കഴിവ് ബോള്‍ട്ടിനുണ്ട്. ഇതിനൊപ്പം തന്‍റെ പറക്കും ഫീല്‍ഡിംഗ് മികവ് കൂടി ആദ്യ ഓവറുകളില്‍ ബോള്‍ട്ട് പുറത്തെടുത്താല്‍ എങ്ങനെയുണ്ടാവും. അതിനാണ് പഞ്ചാബ് കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന്‍റെ തുടക്കത്തില്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
പഞ്ചാബ് കിംഗ്‌സ് ഇന്നിംഗ്‌സിലെ രണ്ടാം ബോളില്‍ ബോള്‍ട്ടിന്‍റെ ഗുഡ് ലെങ്ത് പന്തില്‍ ബാറ്റ് വെച്ച പ്രഭ്‌സിമ്രാന്‍ സിംഗിന് താളം പിഴയ്‌ക്കുകയായിരുന്നു. ഷോട്ടൊന്ന് പാളിയപ്പോള്‍ ഇരുകൈയും നീട്ടിയുള്ള പറക്കും ക്യാച്ചുമായി താരത്തെ മടക്കുകയായിരുന്നു ബോള്‍ട്ട്. രണ്ട് പന്ത് നേരിട്ട പ്രഭ്‌സിമ്രാന് 2 റണ്‍സേ നേടാനായുള്ളൂ. ഈ ഐപിഎല്‍ സീസണില്‍ സെഞ്ചുറി നേടിയിട്ടുള്ള താരത്തെയാണ് ഗംഭീര പറക്കും റിട്ടേണ്‍ ക്യാച്ചിലൂടെ ട്രെന്‍റ് ബോള്‍ട്ട് ഡ്രസിംഗ് റൂമിലേക്ക് മടക്കിയത്. നോണ്‍സ്ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് ഈ വിക്കറ്റ് വിശ്വസിക്കാനായില്ല.
രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആദം സാംപ, ട്രെന്‍റ് ബോള്‍ട്ട്, നവ്‌ദീപ് സെയ്‌നി, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചാഹല്‍.
സബ്സ്റ്റിറ്റ്യൂട്ട്സ്: ധ്രുവ് ജൂരെല്‍, ഡൊണോവന്‍ ഫേരേര, ആകാശ് വസിഷ്‌ട്, കുല്‍ദീപ് സെന്‍, മുരുകന്‍ അശ്വിന്‍.
പഞ്ചാബ് കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), പ്രഭ്‌സിമ്രാന്‍ സിംഗ്, അഥര്‍വ ടൈഡേ, ലിയാം ലിവിംഗ്‌സ്റ്റണ്‍, സാം കറന്‍, ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, കാഗിസോ റബാഡ, അര്‍ഷ്‌ദീപ് സിംഗ്.
സബ്സ്റ്റിറ്റ്യൂട്ട്സ്: നേഥന്‍ എല്ലിസ്, സിക്കന്ദര്‍ റാസ, റിഷി ധവാന്‍, മോഹിത് റാത്തീ, മാത്യൂ ഷോര്‍ട്ട്.
Read more: പരാഗ് വീണ്ടും ഇലവനിൽ, ഇവന്‍മാര്‍ എത്ര കിട്ടിയാലും പഠിക്കില്ല എന്നാണോ; ആരാധകര്‍ കട്ടക്കലിപ്പില്‍