മധ്‌വാളൊക്കെ വരി നിന്ന് അടി വാങ്ങി; കാണാം ഗില്ലിന്‍റെ സിക്‌സര്‍ മേള- വീഡിയോ
ടൈറ്റന്‍സിന്‍റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 46 പന്തില്‍ ഗില്‍ സെഞ്ചുറിയില്‍ എത്തിയപ്പോള്‍ സിക്‌സറുകളുടെ ചാകരയാണ് മൈതാനത്ത് പെയ്‌തിറങ്ങിയത്
അഹമ്മദാബാദ്: ഐപിഎല്‍ കരിയറില്‍ ആകെ മൂന്ന് സെഞ്ചുറി, അവയെല്ലാം ഈ ഒരൊറ്റ സീസണില്‍. ഐപിഎല്‍ പതിനാറാം എഡിഷനില്‍ സെഞ്ചുറി കൊണ്ട് വിളയാടുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഇരുപത്തിമൂന്നുകാരനായ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ കാമറൂണ്‍ ഗ്രീനിനെതിരെ സിംഗിള്‍ നേടിയാണ് ഗില്‍ ഇത്തവണത്തെ മൂന്നാം ശതകം സ്വന്തമാക്കിയത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ നാലെണ്ണം വീതമുള്ള ജോസ് ബട്‌ലറും(2022), വിരാട് കോലിയും(2016) മാത്രമേ ഗില്ലിന് മുന്നിലുള്ളൂ.
ടൈറ്റന്‍സിന്‍റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 46 പന്തില്‍ ഗില്‍ സെഞ്ചുറിയില്‍ എത്തിയപ്പോള്‍ സിക്‌സറുകളുടെ ചാകരയാണ് മൈതാനത്ത് പെയ്‌തിറങ്ങിയത്. പീയുഷ് ചൗളയെയും കുമാര്‍ കാര്‍ത്തികേയയെയും ആകാശ് മധ്‌വാളിനേയും പറത്തിയായിരുന്നു ഗില്ലിന്‍റെ സിക്‌സര്‍ മേള. കഴിഞ്ഞ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മധ്‌വാളിനെതിരെ ഒരോവറില്‍ മൂന്ന് സിക്‌സുകള്‍ ഗില്‍ ഗ്യാലറിയിലെത്തിച്ചു.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് തുടക്കത്തില്‍ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റ് നഷ്‌ടമായത് ഒഴിച്ചാല്‍ ബാക്കിയെല്ലാം ഗില്ലാട്ടത്തില്‍ ആടിത്തിര്‍ക്കലായി. 16 ബോളില്‍ 18 നേടിയ സാഹയെ പീയുഷ് ചൗളയുടെ പന്തില്‍ ഇഷാന്‍ കിഷന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. ടൈറ്റന്‍സ് ഇന്നിംഗ്‌സിലെ ഏഴാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ഈ വിക്കറ്റ്. ഇതിന് ശേഷം 49 പന്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ഗില്‍ ഒരറ്റത്ത് കുതിച്ചപ്പോള്‍ ഉറച്ച പിന്തുണ നല്‍കിയ സായ് സുദര്‍ശന്‍ ടൈറ്റന്‍സിനെ 16 ഓവറുകളില്‍ തന്നെ 183-1 എന്ന കൂറ്റന്‍ സ്കോറിലേക്ക് ആനയിച്ചു. ഇന്നിംഗ്‌സിലെ 17-ാം ഓവറില്‍ 60 പന്തില്‍ 129 റണ്‍സുമായി പുറത്താകുമ്പോള്‍ 7 ഫോറും 10 സിക്‌സറും ഗില്‍ പറത്തിയിരുന്നു. ഗില്‍ പുറത്താകുമ്പോള്‍ 16.5 ഓവറില്‍ 192-2 എന്ന വമ്പന്‍ സ്കോറിലെത്തി ടൈറ്റന്‍സ്.