ക്യാച്ച് തടഞ്ഞ് ക്ലാസന്‍, പിന്നാലെ മായങ്കിനെ പുറത്താക്കി പ്രതികാരം; ക്ലാസനോട് കലിപ്പിച്ച് ജഡേജ-വീഡിയോ

ബോധപൂര്‍വമല്ലെങ്കിലും ക്യച്ചെടുക്കുന്നത് തടസപ്പെടുത്തിയ ക്ലാസനോട് രൂക്ഷമായി പ്രതികരിച്ച ജഡേജ അതേ ഓവറിലെ അഞ്ചാം പന്തില്‍ മായങ്കിനെ പുറത്താക്കി.

Watch Ravindra Jadeja fumes at Henrich Klaasen after clash denies Mayank's wicket gkc

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ മൂന്ന് വിക്കറ്റുമായി ഹൈദരാബാദിന്‍റെ നടുവൊടിച്ചത് രവീന്ദ്ര ജഡേജയായിരുന്നു. ഹെന്‍റി ബ്രൂക്കിനെ തുടക്കത്തിലെ നഷ്ടമായശേഷം അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് ഹൈദരാബാദിനെ കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് അഭിഷേക് ശര്‍മയെയും രാഹുല്‍ ത്രിപാഠിയെയും വീഴ്ത്തി ജഡേജ ഹൈദരാബാദിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തത്.

ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തെ മഹീഷ് തീക്ഷണ പുറത്താക്കിയതോടെ ക്രീസിലെത്തിയ മായങ്ക് അഗര്‍വാളിനെയും പുറത്താക്കാന്‍ ജഡേജക്ക് തുടക്കത്തിലെ അവസരം ലഭിച്ചതാണ്. ജഡേജയുടെ പന്തില്‍ മായങ്ക് നല്‍കിയ റിട്ടേണ്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ഹെന്‍റിച്ച് ക്ലാസന്‍ ഇടയില്‍ കയറി നിന്നതോടെ ജഡേജക്ക് ക്യാച്ച് കൈയിലൊതുക്കാനായില്ല. പതിനാലാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഇത്.

തോല്‍വിക്ക് ശേഷം ഹൈദരാബാദ് യുവതാരങ്ങള്‍ക്ക് ധോണിയുടെ 'മാസ്റ്റര്‍ ക്ലാസ്'-വീഡിയോ

ബോധപൂര്‍വമല്ലെങ്കിലും ക്യച്ചെടുക്കുന്നത് തടസപ്പെടുത്തിയ ക്ലാസനോട് രൂക്ഷമായി പ്രതികരിച്ച ജഡേജ അതേ ഓവറിലെ അഞ്ചാം പന്തില്‍ മായങ്കിനെ പുറത്താക്കി. ജഡേജയുടെ പന്തില്‍ മുന്നോട്ടാഞ്ഞ് കളിച്ച മായങ്കിനെ വിക്കറ്റിന് പിന്നില്‍ എം എസ് ധോണി അനായാസം സ്റ്റംപ് ചെയ്യുകയായിരുന്നു. മായങ്കിന്‍റെ വിക്കറ്റെടുത്തശേഷം ക്ലാസനെ നോക്കി രൂക്ഷമായി എന്തോ പറഞ്ഞ ജഡേജയെ ധോണിയെത്തിയാണ് തണുപ്പിച്ചത്.

മത്സരത്തില്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജഡ‍േജയാണ് കളിയിലെ താരമായത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ അര്‍ധസെഞ്ചുറി മികവില്‍ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios