ഇതെങ്ങനെ കണ്ണുകള്‍ വിശ്വസിക്കും! മിന്നല്‍ ഗില്ലിനെ മിന്നല്‍ സ്റ്റംപിംഗ് ചെയ്‌ത് ധോണി- വീഡിയോ

ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ചതും മിന്നല്‍ ഗില്ലിനെ മിന്നല്‍ സ്റ്റംപിംഗില്‍ പറഞ്ഞയച്ചു സിഎസ്‌കെ നായകന്‍ എം എസ് ധോണി

Watch MS Dhoni lightening stumping to dismiss Shubman Gill IPL 2023 Final CSK vs GT jje

അഹമ്മദാബാദ്: എല്ലാം കഴിഞ്ഞ പ്ലേ ഓഫ് മത്സരം പോലെ ഗില്ലാട്ടത്തിന്‍റെ സൂചനയായിരുന്നു. പതിഞ്ഞ തുടക്കം, പിന്നാലെ ശുഭ്‌മാന്‍ ഗില്ലിന്‍റെ അനായാസ ക്യാച്ച് വിട്ടുകളയുന്നു. അതോടെ തലങ്ങും വിലങ്ങും ബൗണ്ടറികളുമായി ഗില്‍ തന്‍റെ ഗെയിമിലേക്ക് ഏകാഗ്രത കൈവരിക്കുന്നു. ഐപിഎല്‍ പതിനാറാം സീസണിന്‍റെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മികച്ച തുടക്കമാണ് ഗുജറാത്ത് ടൈറ്റന്‍സിനായി ശുഭ്‌മാന്‍ ഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്ക് ഒപ്പം നേടിയത്. എന്നാല്‍ അല്‍പമൊന്ന് കൂടുതല്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ചതും മിന്നല്‍ ഗില്ലിനെ മിന്നല്‍ സ്റ്റംപിംഗില്‍ പറഞ്ഞയച്ചു സിഎസ്‌കെ നായകന്‍ എം എസ് ധോണി. 

നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്‌സില്‍ തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറില്‍ ശുഭ്‌മാന്‍ ഗില്‍ നല്‍കിയ അനായാസ ക്യാച്ച് ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ ദീപക് ചാഹര്‍ വിട്ടുകളഞ്ഞിരുന്നു. നേരിട്ട് കയ്യിലേക്ക് വന്ന പന്താണ് ചാഹര്‍ ഒരു നിമിഷത്തെ ശ്രദ്ധ കൊണ്ട് നിലത്തിട്ടത്. എന്നാല്‍ ഇതിന് ശേഷം തകര്‍ത്തടിക്കാന്‍ ഗില്‍ ശ്രമിച്ചപ്പോള്‍ ഇന്നിംഗ്‌സിലെ ഏഴാം ഓവറിലെ അവസാന പന്തില്‍ രവീന്ദ്ര ജഡേജയും എം എസ് ധോണിയും ചേര്‍ന്ന് താരത്തിന് മടക്ക ടിക്കറ്റ് ഒരുക്കി. ഐപിഎല്‍ 2023ല്‍ മൂന്ന് സെഞ്ചുറികള്‍ സഹിതം ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ ഗില്‍ ഫ്രണ്ട്‌ ഫൂട്ടില്‍ ജഡേജയെ കളിക്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത വിധം അതിവേഗ സ്റ്റംപിംഗുമായി അമ്പരപ്പിക്കുകയായിരുന്നു ധോണി. ബെയ്‌ല്‍സ് ഇളകുമ്പോള്‍ ക്രീസിന് ഇഞ്ചുകള്‍ മാത്രം പുറത്തായിരുന്നു താരം. ടെലിവിഷന്‍ റിപ്ലേയിലൂടെയാണ് ഗില്‍ ഔട്ടാണെന്ന് തീരുമാനിച്ചത്. കാണാം വീഡിയോ...

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ടൈറ്റന്‍സിനായി 20 പന്തില്‍ 7 ബൗണ്ടറികളോടെ 39 റണ്‍സ് നേടിയാണ് ശുഭ്‌മാന്‍ ഗില്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം ഗില്‍ 6.6 ഓവറില്‍ 67 റണ്‍സ് ചേര്‍ത്തു. ഇതോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ശുഭ്‌മാന്‍ ഗില്‍ 17 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികള്‍ സഹിതം 59.33 ശരാശരിയിലും 157.80 സ്ട്രൈക്ക് റേറ്റിലും 890 റണ്‍സുമായി സീസണ്‍ അവസാനിപ്പിച്ചു. 

Read more: ഇതിനേക്കാള്‍ അനായാസമായിട്ട് ഇനി എങ്ങനെയാണ്? ശുഭ്മാന്‍ ഗില്ലിനെ തുടക്കത്തില്‍ വിട്ടുകളഞ്ഞ് ദീപക് ചാഹര്‍- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios