പറന്നെറിഞ്ഞ് കുറ്റി പിഴുതു, സിആര്‍7 സ്റ്റൈലില്‍ മുഹമ്മദ് സിറാജിന്‍റെ ആഘോഷം- വീഡിയോ വൈറല്‍
. പഞ്ചാബിന്‍റെ ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ പുറത്താക്കിയത് സിറാജിന്‍റെ മിന്നും ത്രോയായിരുന്നു
മൊഹാലി: ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത് നാല് വിക്കറ്റുമായി തിളങ്ങിയ പേസര്‍ മുഹമ്മദ് സിറാജായിരുന്നു. തുടക്കത്തിലെ പവര്‍പ്ലേ മുതല്‍ തീപ്പന്തുകളുമായി ആര്‍സിബി ബൗളിംഗിന്‍റെ നിയന്ത്രണം ഏറ്റെടുത്ത സിറാജ് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. ഇതില്‍ ഒതുങ്ങിയില്ല മത്സരത്തില്‍ സിറാജിന്‍റെ സുവര്‍ണ സംഭാവനകള്‍. പഞ്ചാബിന്‍റെ ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ പുറത്താക്കിയത് സിറാജിന്‍റെ മിന്നും ത്രോയായിരുന്നു.
175 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ അഥര്‍വ തൈഡെയെ എല്‍ബിയില്‍ കുരുക്കിയാണ് മുഹമ്മദ് സിറാജ് തുടങ്ങിയത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ വെടിക്കെട്ട് വീരന്‍ ലിയാം ലിവിങ്‌സ്റ്റണിനെ കൂടി പുറത്താക്കിയതോടെ പവര്‍പ്ലേയ്‌ക്കിടെ തന്നെ സിറാജിന് രണ്ട് വിക്കറ്റായി. ആറാം ഓവറിലെ വിജയ്‌കുമാര്‍ വൈശാഖിന്‍റെ മൂന്നാം പന്തില്‍ മധ്യനിര ബാറ്റര്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ ഗംഭീര ത്രോയില്‍ റണ്ണൗട്ടാക്കുകയും ചെയ്‌തു സിറാജ്. പന്തടിച്ച് പ്രഭ്‌സിമ്രാന്‍ സിംഗിനൊപ്പം സിംഗിളെടുക്കാന്‍ ഭാട്ടിയ ശ്രമിക്കുന്നതിനിടെ ഓടിയെത്തി പന്തെടുത്ത് ഓട്ടത്തില്‍ തന്നെ നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കുകയായിരുന്നു സിറാജ്. 9 പന്തില്‍ 13 റണ്‍സേ ഭാട്ടിയക്കുള്ളൂ. റണ്ണൗട്ടിന് ശേഷം സിആര്‍7 ശൈലിയില്‍ നേട്ടം ആഘോഷിക്കുകയും ചെയ്തു സിറാജ്. വാലറ്റത്ത് ഹര്‍പ്രീത് ബ്രാര്‍(13), നേഥന്‍ എല്ലിസ്(1) എന്നിവരെ ബൗള്‍ഡാക്കി സിറാജ് നാല് വിക്കറ്റ് തികച്ചു.
മുഹമ്മദ് സിറാജ് തിളങ്ങിയതോടെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 24 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നാല് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സാണ് നേടിയത്. ഫാഫ് ഡുപ്ലെസിസ്(84), വിരാട് കോലി(59) എന്നിവര്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 18.2 ഓവറില്‍ 150ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് പഞ്ചാബിനെ തകര്‍ത്തത്. 46 റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാനാണ് ഹോം ടീമിന്‍റെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേശ് ശര്‍മ 41 റണ്‍സെടുത്തു. സിറാജിന്‍റെ നാലിന് പുറമെ വനിന്ദു ഹസരങ്ക രണ്ടും വെയ്‌ന്‍ പാര്‍നലും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റും നേടി. 12 വിക്കറ്റുകളുമായി ഐപിഎല്‍ 2023ല്‍ സിറാജിന്‍റെ തലയിലാണ് നിലവില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്.
Read more: പവര്‍പ്ലേയിലെ പവര്‍ ബൗളര്‍; 84 പന്തില്‍ 57 ഡോട്ട് ബോള്‍! പര്‍പ്പിള്‍ ക്യാപ് സിറാജിന്