ചെന്നൈക്കെതിരായ മത്സരത്തിനിടയിലും വിരാട് കോലി വിളികളുമായി ആരാധകര്‍, കലിപ്പിച്ച് ഗംഭീര്‍-വീഡിയോ
ഇന്നലെ നടന്ന ലഖ്നൗ-ചെന്നൈ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 19.2 ഓവറില്‍ 125-7ല്‍ നില്‍ക്കെയാണ് മഴയെത്തിയത്. നേരത്തെ മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം മത്സരം വൈകിയാണ് തുടങ്ങിയത്.
ലഖ്നൗ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചെങ്കിലും ഗ്രൗണ്ടിലെത്തിയ ആരാധകര്‍ വിരാട് കോലി വിളികളുമായി രംഗത്തെത്തിയത് ലഖ്നൗ മെന്‍ററായ ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചു. ഇന്നലെ മത്സരം മഴമൂലം തടസപ്പെട്ടപ്പോള്‍ ഡ്രസ്സിംഗ് റൂമിലേക്ക് കയറിപോകുകയായിരുന്ന ഗൗതം ഗംഭീറിനെ നോക്കിയാണ് ഗ്യാലറിയിലിരുന്ന് ഒരു കൂട്ടം ആരാധകര്‍ കോലി....കോലി..എന്ന് ഉറക്കെ വിളിച്ചത്. ഗംഭീര്‍ ഡ്രസ്സിംഗ് റൂമിലേക്കുള്ള വഴിയില്‍ സ്റ്റേഡിത്തിലെ പടികള്‍ കയറുന്നതിനിടെയായിരുന്നു ഇത്. വിളി കേട്ട ഭാഗത്തേക്ക് രൂക്ഷമായി നോക്കിയശേഷമാണ് ഗംഭീര്‍ കയറിപ്പോയത്.
ഇന്നലെ നടന്ന ലഖ്നൗ-ചെന്നൈ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 19.2 ഓവറില്‍ 125-7ല്‍ നില്‍ക്കെയാണ് മഴയെത്തിയത്. നേരത്തെ മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം മത്സരം വൈകിയാണ് തുടങ്ങിയത്. ലഖ്നൗവിലെ സ്ലോ പിച്ചില്‍ 59 റണ്‍സെടുത്ത ആയുഷ് ബദോനിയും 20 റണ്‍സെടുത്ത നിക്കോളാസ് പുരാനും മാത്രമെ ലഖ്നൗവിനായി തിളങ്ങിയുള്ളു. മഴ മാറാതിരുന്നതിനാല്‍ പിന്നീട് മത്സരം പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയാണ് ബാംഗ്ലൂര്‍ താരം വിരാട് കോലിയും ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖും തമ്മില്‍ കൊമ്പുകോര്‍ത്തത്. പിന്നീട് മത്സരശേഷം ഹസ്തദാനം നടത്തവെ ഇരുതാരങ്ങളും വീണ്ടും ഉടക്കിയിരുന്നു. ഇതിനുശേഷമാണ് വിരാട് കോലി, ഗൗതം ഗംഭീറിന് അടുത്തെത്തി രോഷാകുലയാത്. കളിക്കകളത്തിന്‍റെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ബിസിസിഐ കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖിന് 50 ശതമാനം പിഴയിട്ടിരുന്നു.
മത്സരശേഷം കോലിക്കെതിരെ ഒളിയമ്പെയ്ത് ഗംഭീര്‍ ട്വീറ്റിട്ടിരുന്നു. സമ്മര്‍ദ്ദത്തിന്‍റെ പേരില്‍ ഡല്‍ഹി ക്രിക്കറ്റില്‍ നിന്ന് ഓടിയൊളിച്ചയാളാണ് പിആര്‍ വര്‍ക്കിന്‍റെ ഭാഗമായി ക്രിക്കറ്റിനെ ഉദ്ധരിക്കുന്നതെന്നും കലിയുഗമല്ലെയെന്നും ഗംഭീര്‍ ട്വീറ്റില്‍ ചോദിച്ചിരുന്നു.